kerala

പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതകം: പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍

By webdesk17

July 05, 2025

തൃശൂര്‍ പുതുക്കാട് നവജാതശിശുക്കളുടെ കൊലപാതക കേസിലെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍. അനീഷയെയും ഭവിനെയും അഞ്ചുദിവസത്തേക്ക് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. ഇരുവരെയും വിശദമായി ചോദ്യം ചെയ്യും. അതേസമയം പ്രതികള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടുണ്ടോ എന്നതില്‍ അന്വേഷണം തുടരും. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരും എന്നാണ് നിഗമനം.

ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിനുമാണ്. ഭവിന്‍ കുഞ്ഞിന്റെ അസ്ഥിയുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അനീഷ ഭാവിയില്‍ തന്നെ ഒഴിവാക്കിയാല്‍ കുട്ടികളുടെ അസ്ഥി കാണിച്ച് കുടുംബത്തെ ഭീഷണിപ്പെടുത്താമെന്നായിരുന്നു ഭവിന്‍ കരുതിയിരുന്നത്. ഫോണ്‍ എടുക്കാതായതോടെ അനീഷ ചതിച്ചെന്ന ധാരണയിലാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

2021 നവംബര്‍ ഒന്നിനാണ് ആദ്യ കൊലപാതകം. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തി. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുത്ത ദിവസം ഉച്ചവരെ വീട്ടില്‍ സൂക്ഷിക്കുകയും പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടില്‍ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിക്കുയും ചെയ്തു. തുടര്‍ന്ന് ഭവിന്‍ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടില്‍ കുഴിച്ചിട്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.