Culture

കോട്ടയത്ത് നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷം; നഴ്‌സുമാരെ അറസ്റ്റു ചെയ്ത് നീക്കി

By chandrika

September 15, 2017

കോട്ടയം: പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കോട്ടയം തിരുനക്കര ഭാരത് ആസ്പത്രിയില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. സമരം ചെയ്യുന്ന നഴ്‌സുമാരെ അറസ്റ്റു ചെയ്ത് നീക്കാന്‍ പോലീസെത്തിയത് സംഘര്‍ഷത്തിന് കാരണമായി. കഴിഞ്ഞ 35 ദിവസമായി ഭാരത് ആസ്പത്രിയില്‍ സമരം നടന്നുവരികയാണ്. ശമ്പള വര്‍ദ്ധന, വസ്ത്രംമാറുന്നയിടത്തെ സി.സി.ടി.വി ക്യാമറ നീക്കം ചെയ്യുക എന്നിവയാണ് നഴ്‌സുമാരുടെ ആവശ്യങ്ങള്‍.

ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് സമരം നടത്തിയ അഞ്ചു നഴ്‌സുമാരെ മാനേജ്‌മെന്റ് പിരിച്ചുവിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി മറ്റു നഴ്‌സുമാര്‍ നടത്തിയ സമരത്തിലാണ് സംഘര്‍ഷമുണ്ടായത്. ആസ്പത്രി കവാടത്തില്‍ സമരം നടത്തിയ നഴ്‌സുമാരെ അറസ്റ്റു ചെയ്യുന്നതിനിടെ പല നഴ്‌സുമാര്‍ക്കും പരിക്കേറ്റു. യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.