News

കൊട്ടിക്കലാശം ഇന്ന്; ആവേശത്തോടെ, ആത്മവിശ്വാസത്തോടെ യു.ഡി.എഫ്

By Manya

April 07, 2026

തിരുവനന്തപുരം: വേനല്‍ചൂടിനെ വെല്ലുന്ന പ്രചാരണച്ചൂടിന് ഇന്ന് കൊട്ടിക്കലാശം. കേരളത്തിനൊപ്പം ഏപ്രില്‍ ഒമ്പതിന് ബൂത്തിലെത്തുന്ന അസമിലേയും പോണ്ടിച്ചേരിയിലേയും പരസ്യപ്രചാരണത്തിനും ഇന്ന് തിരശ്ശീല വീഴും. മൂന്നാഴ്ചയിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വൈകിട്ട് ആറുമണിക്കാണ് പരസ്യപ്രചരണം അവസാനിക്കുന്നത്. നാളെ നിശബ്ദ പ്രചാരണ ദിവസമാണ്. ഒമ്പതിന് രാവിലെ ഏഴുമണി മുതല്‍ പോളിങ് ആരംഭിക്കും. വികസനവും വിവാദങ്ങളും ഒരുപോലെ ചര്‍ച്ചയായ പ്രചാരണത്തിനൊടുവിലാണ് കേരളം വിധിയെഴുതുന്നത്. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടിയും പ്രകടന പത്രികയും ജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ചതാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിനാധാരം. സ്ത്രീകള്‍ക്കു കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യയാത്ര, വയോജന ക്ഷേമം, 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയടക്കമുള്ള അഞ്ച് ഇന്ദിര ഗാരന്റികളിലൂടെ ഒരു കുടുംബത്തിന്റെയാകെ ക്ഷേമവും സുരക്ഷയും യു.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രചാരണത്തിന് വന്‍ സ്വീകാര്യത ലഭിച്ചെന്നു വിലയിരുത്തിയാണ് യു.ഡി.എഫ് നേടുന്ന സീറ്റുകളുടെ എണ്ണം 100 കടക്കുമെന്ന അവകാശവാദം കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് തുടക്കം മുതലേ പ്രകടമായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മുന്നേറ്റത്തിനൊപ്പം എറണാകുളത്തെ കുതിപ്പും അവസാന ലാപ്പില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അട്ടിമറി പ്രതീക്ഷകളും തരംഗത്തിന്റെ പ്രകടമായ സൂചനയാണെന്ന് നേതാക്കള്‍ പറയുന്നു. യു.ഡി.എഫ് ഗ്യാരണ്ടികള്‍ പൊള്ളയാണെന്ന് ടെലിവിഷന്‍ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പരസ്യം ചെയ്ത ഇടതുമുന്നണിക്ക് മറുപടി നല്‍കിയത്, ഇന്ദിര ഗ്യാരണ്ടി വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും നേരിട്ടെത്തിയായിരുന്നു.

സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര പദ്ധതി വിജയകരമായി നടപ്പാക്കിയതിനെ കുറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കര്‍ണാടകയിലെ സൗജന്യ ബസ് യാത്രയെക്കുറിച്ച് ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറും നേരിട്ടിറങ്ങി വിവരിച്ചു. മുഖ്യമന്ത്രിയായിരിക്കെ രാജസ്ഥാനില്‍ നടപ്പാക്കിയ 25 ലക്ഷം രൂപയുടെ ചിരഞ്ജീവി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ അതേ മാതൃകയാണ് കേരളത്തിലും നടപ്പാക്കുകയെന്ന് അശോക് ഗെലോട്ട് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 25 ലക്ഷം രൂപ വരെ ചികിത്സ ലഭ്യമാക്കുന്നതാണ് രാജസ്ഥാനിലെ പദ്ധതി. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍, ചെറുകിട കര്‍ഷകര്‍, കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് അവിടെ ഇന്‍ഷുറന്‍സ് സൗജന്യമാണ്. മറ്റുള്ളവര്‍ക്കു പ്രതിവര്‍ഷം 850 രൂപയടച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് കണക്കുകള്‍ നിരത്തി അദ്ദേഹം മറുപടി നല്‍കി.രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി, സച്ചിന്‍ പൈലറ്റ്, മുഹമ്മദ് അസറുദ്ദീന്‍ തുടങ്ങി ദേശീയ നേതാക്കളുടെ പ്രചാരണം യു.ഡി. എഫ് ക്യാമ്പില്‍ വലിയ ആത്മവിശ്വാസമാണ് നിറച്ചത്.