Culture

ദുരന്ത നിവാരണത്തിന് കോഴിക്കോട്ടെ സ്‌കൂളുകളില്‍ കര്‍മ്മ സേന രൂപീകരിക്കും: കളക്‌ടർ

By web desk 1

August 14, 2019

കോഴിക്കോട്: മഴക്കെടുതി ആശ്വാസത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹയര്‍സെക്കന്ററി സ്‌കൂളുകളിലും ദുരന്തനിവാരണ കര്‍മ്മ സേന രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു. ‘പ്രളയ അതിജീവനം’ അധ്യാപക ശില്‍പശാല നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളിലും അവബോധം ഉണ്ടാകണം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും പ്രധാനമാണ്. ജില്ലയില്‍ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധിയാളുകള്‍ മാനസികമായും സാമ്പത്തികമായും പ്രയാസമനുഭവിക്കുന്നുണ്ട്. ഇവരെ കണ്ടെത്തി സാന്ത്വനം നല്‍കാന്‍ നമുക്ക് കഴിയണം,’-കളക്ടര്‍ പറഞ്ഞു.

‘ജില്ലയിലെ എല്ലാ സ്‌കൂളുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അപകടാവസ്ഥയിലുള്ള സ്‌കൂള്‍ നില്‍ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കും.’ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാണെന്നും കലക്ടര്‍ പറഞ്ഞു.