News

കോഴിക്കോട് 26കാരിയുടെ കൊലപാതകം: മരണശേഷം മൂന്ന് തവണ പീഡനം, ബ്ലാക്ക്മെയില്‍ ദൃശ്യങ്ങളും ആസൂത്രിത കൊലപാതകവും പുറത്ത്

By Manya

February 01, 2026

കോഴിക്കോട്: മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. കൊലപാതകത്തിന് ശേഷം യുവതിയെ മൂന്ന് തവണ പീഡിപ്പിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രതിയായ വൈശാഖന്റെ ഇന്‍ഡസ്ട്രിയിലെ വര്‍ക്ഷോപ്പില്‍ നിന്ന് പൊലീസ് കണ്ടെത്തി. മൂന്ന് മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ കൊലപാതകം ആസൂത്രണം ചെയ്ത മുഴുവന്‍ ഘട്ടങ്ങളും വ്യക്തമായി കാണുന്നുവെന്നാണ് പൊലീസ് പറയുന്നത്.

യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി, വര്‍ക്ഷോപ്പിലേക്ക് എത്തിയില്ലെങ്കില്‍ അവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയെ നിയന്ത്രിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ജനുവരി 24ന് ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഉറക്കഗുളിക കലര്‍ത്തിയ ശീതളപാനീയം യുവതിക്ക് നല്‍കി അവശയാക്കിയ ശേഷം, തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകള്‍ തയ്യാറാക്കി. യുവതി കഴുത്തില്‍ കുരുക്കിട്ട ഉടനെ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് പ്രതി കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷവും യുവതിയെ പ്രതി പീഡിപ്പിച്ചതായാണ് കണ്ടെത്തല്‍. ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയതിന് ശേഷം യുവതിയെ മര്‍ദിച്ചും ബലാത്സംഗം ചെയ്തുമാണ് പ്രതി ക്രൂരത കാട്ടിയത്. ഭാര്യയ്ക്ക് യുവതിയുമായുള്ള ബന്ധം അറിയുമെന്ന ഭയവും, യുവതിക്ക് പുതിയ കാമുകിയുടെ വിവരം അറിഞ്ഞതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തിന് പിന്നിലെ പ്രേരണയെന്ന് പൊലീസ് വ്യക്തമാക്കി. പത്ത് വര്‍ഷത്തോളമായി ഇരുവരും ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍.

അതേസമയം, സംഭവം നടക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് യുവതി തന്റെ ആശങ്കകള്‍ ഡയറിയില്‍ രേഖപ്പെടുത്തി കൗണ്‍സലര്‍ക്കു അയച്ചതും അന്വേഷണത്തില്‍ നിര്‍ണായകമായി. താന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖന്‍ ആയിരിക്കുമെന്നും വ്യക്തമാക്കുന്ന കുറിപ്പാണ് യുവതി എഴുതിയത്. സമയം, ഒപ്പ് എന്നിവ രേഖപ്പെടുത്തി ഫോട്ടോ എടുത്ത് കൗണ്‍സലര്‍ക്കു അയച്ച ശേഷമാണ് യുവതി സംഭവസ്ഥലത്തേക്ക് പോയത്. ഡയറി ബാഗില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

സിസിടിവി ദൃശ്യങ്ങളും ഡയറി കുറിപ്പും ഉള്‍പ്പെടെയുള്ള തെളിവുകളാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായതെന്നും, ഇത് ആസൂത്രിത കൊലപാതകമാണെന്നതില്‍ സംശയമില്ലെന്നും പൊലീസ് അറിയിച്ചു.