kerala

കോഴിക്കോട് പത്താം ക്ലാസ് വിദ്യര്‍ഥിനി പൊള്ളലേറ്റ് മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

By webdesk13

January 30, 2023

കോഴിക്കോട് എകരൂല്‍ ഉണ്ണികുളത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മകള്‍ അര്‍ച്ചനയുടേത് ആത്മഹത്യയല്ലെന്നും ശരീരത്തില്‍ സംശയാസ്പദമായ തരത്തിലുള്ള മുറിവുകള്‍ കണ്ടിരുന്നുവെന്നും അമ്മ സചിത്ര പറഞ്ഞു. കിടന്ന് ഉറങ്ങുന്ന രീതിയിലാണ് അര്‍ച്ചനയുടെ മൃതദേഹം ഉണ്ടായിരുന്നത്. മറന്നുവെച്ച് പുസ്തകമെടുക്കാനാണ് കുട്ടി ബന്ധുവീട്ടില്‍ നിന്ന് പോയതെന്നും അമ്മ പറഞ്ഞു.

ജനുവരി 24ന് ആണ് എകരൂല്‍ ഉണ്ണികുളം സ്വദേശിനി അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വീടും പൂര്‍ണമായും കത്തി നശിച്ചിരുന്നു. കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തം വന്നിരുന്നതായും സൂചനകളുണ്ട്. തീപിടിച്ചാണ് മരിച്ചതെങ്കില്‍ എങ്ങനെയാണ് മൃതദേഹം കിടന്നുറങ്ങുന്ന രീതിയില്‍ കാണപ്പെടുന്നതെന്ന് ബന്ധുക്കള്‍ ചോദിക്കുന്നു.

24ന് രാവിലെ അച്ഛമ്മയുടെ വീട്ടില്‍ നിന്ന് അര്‍ച്ചന ഷെഡില്‍ പുസ്തകം മറന്നുവെച്ചെന്നും പോയി എടുത്ത് വരാമെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയിരുന്നു. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഷെഡിന് തീപിടിച്ചെന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഷെഡിലെത്തി തീ അണച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. അര്‍ച്ചനയുടെ മരണത്തിന് പിന്നാലെ കുടുംബം സംശയം ഉയര്‍ത്തിയിരുന്നു. ആത്മഹത്യ ചെയ്യാന്‍ തക്ക കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ പോലും പ്രശ്‌നങ്ങളില്ലായിരുന്നു. മരണത്തിലെ ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണത്തിലെ ദുരൂഹതയൊഴിയും എന്ന നിലപാടിലാണ് ബാലുശ്ശേരി പൊലീസ്.