Connect with us

kerala

കോവിഡ് കവര്‍ന്ന കലോത്സവ കാലത്തെ തിരികെ പിടിച്ച് കോഴിക്കോട്; നിറഞ്ഞുകവിഞ്ഞ് വേദികള്‍

24 വേദികളിലേക്കും രാവിലെ മുതല്‍
കലാസ്വാദകരുടെ ഒഴുക്കാണ്

Published

on

കോവിഡ് സൃഷ്ടിച്ച രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് കലാ മാമാങ്കത്തിന് തിരിതെളിഞ്ഞതോടെ മത്സരം കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവത്തിലെ മത്സരങ്ങള്‍ നടക്കുന്ന 24 വേദികളിലേക്കും രാവിലെ മുതല്‍
കലാസ്വാദകരുടെ ഒഴുക്കാണ് കാണാന്‍ സാധിച്ചത്. വേദിക്കും പുറത്തും ജനം തടിച്ചുകൂടിയതോടെ ആകെ ഉത്സവച്ഛായയാണ് എങ്ങും. പോപ്പ്‌കോണ്‍, അതിഥി സല്‍ക്കാരമൊരുക്കി കച്ചവടക്കാരും അണി നിരന്നതോടെ കാര്യങ്ങള്‍ പൊടിപൂരം.

മത്സരാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പുറമേ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും മറ്റു ജില്ലകളിലുളളവരും കലോത്സവം ആഘോഷമാക്കി മാറ്റുകയാണ്. രാവിലെ മുതല്‍ വേദികള്‍ ജനനിബിഡമായിരുന്നു. പ്രവൃത്തി ദിവസമായിട്ടു പോലും ചെറിയ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് കലോത്സവ നഗരിയിലെത്തിയത്.

ഹയര്‍സെക്കന്ററി വിഭാഗം നാടോടി നൃത്തത്തോടെയാണ് പ്രധാന വേദിയായ വിക്രം മൈതാനിയില്‍ മത്സരങ്ങള്‍ ആരംഭിച്ചത്. ശേഷം മലബാറിന്റെ മാപ്പിള കലാരൂപമായ ഒപ്പനയും വേദിയില്‍ അരങ്ങേറി. ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മത്സരം ആരംഭിച്ചതോടെ വിക്രം മൈതാനിയിലേക്ക് ജനസാഗരമായിരുന്നു. സീറ്റുകള്‍ നിറഞ്ഞതോടെ വേദിയുടെ വശങ്ങളില്‍ കലാസ്വാദകര്‍ സ്ഥാനം പിടിച്ചു. ദഫ് മുട്ട്, കോല്‍ക്കളി ഉള്‍പ്പെടെയുള്ളവ നടന്ന വേദികളിലും സ്ഥിതി സമാനമായിരുന്നു. വേദി രണ്ടില്‍ നടന്ന ഹയര്‍സെക്കന്ററി വിഭാഗം നാടക മത്സരം കാണാനും നിരവധി പേരെത്തിയിരുന്നു.

കലോത്സവ വേദികളില്‍ സുരക്ഷയൊരുക്കാന്‍ പോലിസും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും രംഗത്തുണ്ട്. ഇനി വരുന്ന മൂന്നു നാളുകള്‍ കൂടി കോഴിക്കോട്ടെ കലോത്സവ നഗരിയിലേക്ക് ജനം ഒഴുകിയെത്തും.

GULF

എസ്എസ്എല്‍സി പതിവ് തെറ്റിയില്ല; ഇക്കുറിയും ഗള്‍ഫില്‍ വന്‍വിജയം

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ് എസ് എല്‍ സി പരീക്ഷാ വിജയത്തില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ ഗള്‍ഫിലെ കുട്ടികള്‍ വന്‍വിജയം കരസ്ഥമാക്കി. ഇന്ത്യക്കുപുറത്തുപ്രവര്‍ത്തിക്കുന്ന എസ് എസ് എല്‍സി യുടെ ഏഴു കേന്ദ്രങ്ങളും യുഎഇയിലാണുള്ളത്.

ഇവിടെ ആകെ 533 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 516 പേരാണ് വിജയിച്ചത്. പതിനേഴ് പേര്‍ക്ക് പത്താംക്ലാസ്സിന്റെ കടമ്പ കടക്കാനായില്ല. അതേസമയം മൊത്തം 80 പേര്‍ ഫുള്‍ എപ്ലസ് നേടിയാണ് തങ്ങളുടെ വിജയം തിളക്കമുള്ളതാക്കിയത്.

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു. 113 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിക്കുകയും ചെയ്തു. ഇതില്‍ 36പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.

ദുബൈ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ 109 പേര്‍ പരീക്ഷയെഴുതി. 108 പേരും വിജയിച്ചു. 15 പേര്‍ ഫുള്‍ എപ്ലസ് നേടി. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 85 പേരില്‍ 80പേരും വിജയിച്ചു. അഞ്ചുപേര്‍ക്ക് വിജിയക്കാനായില്ല. ഇവിടെ ആര്‍ക്കും ഫുള്‍ എ പ്ലസ് ലഭ്യമാക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 57പേരും വിജയിച്ചു. പതിനൊന്ന് പേര്‍ ഫുള്‍ എ പ്ലസ് നേടി. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 42പേരില്‍ 40പേരും വിജയിച്ചു. ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 32 പേരാണ് പരീക്ഷക്കിരുന്നതെങ്കിലും ഒമ്പതുപേര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒരാള്‍ ഫുള്‍ എ പ്ലസ് നേടി.

ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 84പേരും പാസ്സായി. 17 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.

Continue Reading

kerala

എയര്‍ ഇന്ത്യ എക്പ്രസിന്റെ സമരം: സിവില്‍ ഏവിയേഷന്‍ മന്ത്രിയോട് പരിഹാരം കാണാന്‍ ആവശ്യപ്പെട്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്ന്
അദ്ദേഹം ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു

Published

on

എയര്‍ ഇന്ത്യ എക്പ്രസിലെ ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലകപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലിടപെട്ട് അടിയന്തിര പരിഹാരം കാണണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിന്റെ ഫലമായി ഏറ്റവുമധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളായതിനാല്‍ അവര്‍ക്ക് പ്രത്യേകമായ പരിഗണനയും സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന സര്‍വീസാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റേത്. അതിനാല്‍ തന്നെ ഇടത്തരക്കാരും തൊഴിലാളികളും മറ്റു സാധാരണക്കാരും കൂടുതലായി ആശ്രയിക്കുന്ന വിമാന സര്‍വീസാണിത്. അതുകൊണ്ട് തന്നെ സര്‍വീസ് റദ്ദാക്കപ്പെട്ടതിനാല്‍ കഠിനമായ പ്രയാസങ്ങളാണ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. കേരളീയരായ പ്രവാസികള്‍ക്ക് വലിയ ദുരിതം നല്‍കിക്കൊണ്ടാണ് സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത്. വിമാന സര്‍വീസുകള്‍ പൊടുന്നനെ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച ജീവനക്കാരുടെ സമരത്തിന് അടിയന്തിര പരിഹാരം കാണേണ്ടതുണ്ടെന്ന് സമദാനി സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയുണ്ടായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രവാസി യാത്രക്കാര്‍ക്ക് ഇതുമൂലമുണ്ടായ പ്രയാസങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. പ്രവാസികളുടെ യാത്രയെ മാത്രമല്ല അനന്തരമുള്ള തൊഴില്‍പരവും വാണിജ്യപരവുമായ പ്ലാനുകളെയെല്ലാം അട്ടിമറിക്കുന്നതായി വിമാന സര്‍വീസ് റദ്ദാക്കല്‍ നടപടി.

റദ്ദാക്കപ്പെട്ട സര്‍വീസുകളില്‍ ബദല്‍യാത്രക്ക് അടിയന്തിര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമദാനി ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട സര്‍വീസുകളിലെ സകല യാത്രക്കാര്‍ക്കും ഉചിതമായ നഷ്ടപരിഹാരം നല്‍കേണ്ടതും നീതി മാത്രമാണ്. അതിനുതകുന്ന രീതിയിലുള്ള പാക്കേജ് അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആശംസ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു

Published

on

മലപ്പുറം: മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്കും ആശംസ നേര്‍ന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

പ്രതീക്ഷിച്ച ഫലത്തില്‍ സന്തോഷിക്കുന്നവരും അപ്രതീക്ഷിതമായ ഫലത്തില്‍ മനപ്രയാസമനുഭവിക്കുന്നവരുമുണ്ടാകും. വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഒരു നാഴികകല്ലാണിത്. പക്ഷെ ഇനിയുമേറെ ദൂരം പോകാനുണ്ട്. ആത്മവിശ്വാസത്തോടെ, സമര്‍പ്പണത്തോടെ ഇനിയും പഠനം തുടരണമെന്നും നല്ലൊരു ലോകം നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നും തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാമുള്ള അവസരം ബന്ധപ്പെട്ടവര്‍ ഒരുക്കിനല്‍കണം. കഴിഞ്ഞ വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇഷ്ടപ്പെട്ട സ്‌കൂളില്‍, ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending