kerala

കോഴിക്കോട് – പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാത: ത്രീ എ വിജ്ഞാപനം റദ്ദായി

By webdesk14

August 09, 2025

കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായി അധിക ഭൂമി ഏറ്റെടുക്കാനുള്ള ത്രി എ വിജ്ഞാപനത്തിന്റെ കാലാവധി റദ്ദായി. ത്രി എ വിജ്ഞാപനം ഇറങ്ങി ഒരു വര്‍ഷത്തിനകം ത്രി എ വിജ്ഞാപനം ഇറക്കാന്‍ ദേശിയപാത അതോറിറ്റിക്ക് സാധിക്കാത്തതാണ് ഇതിനു കാരണം. മലപ്പുറം, പാലക്കാട് ജില്ലകളില്‍ അധിക ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചത്.

2024 ജൂലൈ രണ്ടിന് ത്രീ എ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും, തുടര്‍ന്ന് ത്രീ ഡി വിജ്ഞാപനം വന്നില്ല. മലപ്പുറം ജില്ലയില്‍നിന്ന് ഏറ്റെടുക്കുന്ന അധിക ഭൂമിക്കായി ത്രീ ഡി തയാറാക്കി സമര്‍പ്പിച്ചെങ്കിലും, കേന്ദ്ര ഉപരിതല മന്ത്രാലയം അത് ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല. പാലക്കാട് ജില്ലയില്‍ ത്രീ ഡി സമര്‍പ്പിക്കപ്പെട്ടിരുന്നുമില്ല. റോഡിന്റെ അന്തിമ രൂപരേഖ നിശ്ചയിക്കാത്തതിനാലാണ് അധിക ഭൂമിയുമായി ബന്ധപ്പെട്ട ത്രീ ഡി വിജ്ഞാപനം തടസപ്പെട്ടത്.

ഈ വര്‍ഷം ആദ്യവാരത്തില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാമെന്നായിരുന്നു എന്‍.എച്ച്.എ.ഐയുടെ പ്രതീക്ഷ. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ 97% പൂര്‍ത്തിയായി. പാതയിലായി 12 ഇടങ്ങളില്‍ പ്രവേശന റോഡുകള്‍ അനുവദിക്കുമെന്നായിരുന്നു ആദ്യം ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നത്. പിന്നീട് പ്രവേശന റോഡുകളുടെ എണ്ണം കുറയ്ക്കുന്ന നിലപാട് സ്വീകരിച്ചു. ഇതോടെ പാത നിര്‍മ്മാണത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് പ്രയാസം നേരിടേണ്ടിവന്നു, പ്രതിഷേധവും ഉയര്‍ന്നു. പ്രവേശന റോഡുകളെക്കുറിച്ചുള്ള തീരുമാനം പുനഃപരിശോധിക്കാനിടയുണ്ടെന്നാണ് വിവരം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പാതയുടെ ദൈര്‍ഘ്യം 121 കിലോമീറ്റര്‍. നിര്‍മ്മാണ ചെലവ് ഏകദേശം 10,800 കോടി രൂപയാണ്. പാലക്കാട് ജില്ലയില്‍ 61.4 കിലോമീറ്ററും, മലപ്പുറം ജില്ലയില്‍ 53 കിലോമീറ്ററും, കോഴിക്കോട് ജില്ലയില്‍ 6.5 കിലോമീറ്ററും പാത ഉള്‍ക്കൊള്ളുന്നു.