crime

വിദ്യാര്‍ത്ഥിയുടെ അമ്മയെ കലോത്സവത്തിനിടെ പീഡിപ്പിച്ചു; അധ്യാപകര്‍ കോടതിയില്‍ കീഴടങ്ങി

By Test User

October 14, 2020

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് അധ്യാപകര്‍ കോടതിയില്‍ കീഴടങ്ങി. കാരമൂല പനയങ്കണ്ടിവീട്ടില്‍ ഷാജഹാന്‍ (44), പൂല്ലാളൂര്‍ പാറന്നൂര്‍ കാമ്പ്രവീട്ടില്‍ ഷൈജല്‍ (32) എന്നീ അധ്യാപകരാണ് തിങ്കളാഴ്ച കീഴടങ്ങിയത്. ഇവരെ ഹൈക്കോടതി റിമാന്‍ഡ് ചെയ്തു.

2019 ഒക്ടോബര്‍ 30ന് തലക്കുളത്തൂരില്‍ നടന്ന ചേവായൂര്‍ സബ് ജില്ലാ കലോത്സവത്തിനിടെ പീഡിപ്പിച്ചെന്ന് കാണിച്ച് വിദ്യാര്‍ത്ഥിയുടെ അമ്മ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള ഗുരുതരമായ കേസുകളുടെ അന്വേഷണച്ചുമതല വനിതാ പോലീസ് സ്‌റ്റേഷനുകള്‍ക്ക് ലഭിച്ചതിനെത്തുടര്‍ന്ന് വനിതാസെല്ലിന് കൈമാറിയ ആദ്യകേസാണിത്.

മുന്‍കൂര്‍ജാമ്യം ലഭിച്ച അധ്യാപകര്‍ യൂട്യൂബ് വഴി അപകീര്‍ത്തിപ്പെടുത്തിയതിനെത്തുടര്‍ന്ന് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദുചെയ്തിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ വീണ്ടും ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഇതിനിടെയാണ് ഇവര്‍ കീഴടങ്ങിയത്.