കോഴിക്കോട്: കോഴിക്കോട് മടവൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ശംസുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകം, പ്രകൃതിവിരുദ്ധ പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെയാണ് മടവൂര്‍ സി.എം സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അബ്ദുല്‍ മാജിദ് കുത്തേറ്റ് മരിച്ചത്. വയനാട് മാനന്തവാടി സ്വദേശിയായ മാജിദിനെ മാനസികാസ്വാസ്ഥ്യമുള്ള ആളാണ് കൊലപ്പെടുത്തിയതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ പ്രകൃതി വിരുദ്ധ പീഡനം ചെറുത്തതാണ് കൊലപാതകത്തിലെത്തിച്ചതെന്ന്് പൊലീസ് പറഞ്ഞു. പ്രതി നേരത്തെ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
സ്‌കൂള്‍ അവധിയായതിനാല്‍ ഹോസ്റ്റലിനു മുന്നില്‍ കളിക്കുകയായിരുന്ന കുട്ടികളെ പ്രതി കടന്നുപിടിക്കാന്‍ ശ്രമിച്ചു. അവര്‍ കുതറിമാറിയതോടെ മാജിദിനെ പിടിച്ചുവെക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മാജിദിനെ ആദ്യം സ്വകാര്യ ആസ്പത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.