കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രാത്രികാല മോഷണവും വാഹനമോഷണങ്ങളും പിടിച്ചുപറികളും പതിവാക്കി ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ച കുട്ടിക്കള്ളന്മാര്‍ ഉള്‍പ്പെടെ നാലുപേരെ നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈംസ്‌ക്വാഡും പന്നിയങ്കര ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറും ചേര്‍ന്ന് പിടികൂടി. കുറ്റിച്ചിറ തലനാര്‍ തൊടിക വീട്ടില്‍ പുള്ളി എന്ന അറഫാന്‍ (18), മുഖദാര്‍ സ്വദേശി ഗാന്ധി എന്ന അജ്മല്‍ ബിലാല്‍ ( 18), നടുവട്ടം, മുഖദാര്‍ സ്വദേശികളായ രണ്ട് കുട്ടിക്കള്ളന്‍മാരുമാണ് പൊലീസ് പിടിയിലായത്.

കോഴിക്കോട് സിറ്റിയില്‍ രാത്രി കാലങ്ങളില്‍ കുട്ടിക്കള്ളന്‍മാര്‍ ഉള്‍പ്പെടുന്ന സംഘം മോഷണം നടത്തുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സിറ്റിയിലെ വിവിധ സ്‌റ്റേഷന്‍ പരിധികളിലെ ഫ്‌ളിപ്പ് കാര്‍ട്ട് ,ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലെ ഹബ്ബുകളിലും മറ്റ് കൊറിയര്‍ സര്‍വ്വീസ് സ്ഥാപനങ്ങളിലും മോഷണം നടത്തിയത് ഇവരാണെന്ന് സമീപപ്രദേശങ്ങളിലെ സി.സി കാമറ ദൃശ്യങ്ങളില്‍ നിന്നും പൊലീസ് മനസ്സിലാക്കിയിരുന്നു.

ഇത്തരം സാഹചര്യത്തില്‍ കോഴിക്കോട് നഗരത്തിലെ വര്‍ദ്ധിച്ചു വരുന്ന മോഷണം, പിടിച്ചുപറി പോലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി സിറ്റി പൊലീസ് മേധാവി എ.വി ജോര്‍ജ്ജ് കോഴിക്കോട് സിറ്റി െ്രെകം സ്‌ക്വാഡിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു.