കൊച്ചി: വിവാദ പ്രസ്താവനകള്‍ കൊണ്ട് കളം നിറയുന്ന കെ.പി ശശികലയെ തള്ളി ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന്‍ പിള്ള. ശശികലയുടെ വാക്കുകള്‍ സംഘപരിവാറുകാര്‍ വേദവാക്യമായി സ്വീകരിക്കുന്നവരല്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ദേശീയഗാനത്തെ കുറിച്ചുള്ള കെ.പി ശശികലയുടെ പരാമര്‍ശങ്ങളാണ് ശ്രീധരന്‍ പിള്ളയെ ചൊടിപ്പിച്ചത്.

ദേശീയഗാനത്തെക്കുറിച്ചുളളത് ശശികലയുടെ വ്യക്തിപരമായ നിലപാടായിരിക്കും. വ്യക്തിഗത അഭിപ്രായം പറയാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവരുടെ വാക്കുകള്‍ സുവിശേഷമായി സ്വീകരിക്കുന്നവരല്ല സംഘപരിവാറുകാരെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ശ്രീധരന്‍ പിള്ള നിലപാട് വ്യക്തമാക്കിയത്.

ദേശീയ ഗാനത്തെ അംഗീകരിക്കുന്നില്ലെന്ന് കെ.പി ശശികല നേരത്തെ പറഞ്ഞിരുന്നു. രബീന്ദ്രനാഥ ടാഗോര്‍ ബ്രിട്ടീഷ് രാജാവ് വന്നപ്പോള്‍ എഴുതിയ സ്തുതിഗാനമാണ് ജനഗണമന എന്നായിരുന്നു നേരത്തെ ഒരു ചാനല്‍ പരിപാടിയില്‍ ശശികല വ്യക്തമാക്കിയത്.