കോഴിക്കോട്: മദ്യശാല തുറക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന സംസ്ഥാനത്തെ നിയമം എടുത്തു കളയാനുള്ള എല്‍.ഡി.എഫ് തീരുമാനം മദ്യ രാജാക്കന്മാര്‍ക്കുള്ള തുറന്ന പിന്തുണയും ജനവഞ്ചനയുമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പഞ്ചായത്തീ രാജ് നിയമത്തില്‍ ഭേദഗതി വരുത്തി മദ്യ മാഫിയക്ക് ഒത്താശ ചെയ്യാനുള്ള മന്ത്രിസഭായോഗ തീരുമാനം സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. ഏറെ കാലത്തെ പ്രക്ഷോഭത്തിന്റെയും ചര്‍ച്ചകളുടെയും ഫലമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് മദ്യശാല തുടങ്ങാന്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി കൊണ്ടുവന്നത്.
എന്നാല്‍, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ലഭിച്ച സഹായത്തിനുള്ള പ്രത്യുപകാരമായാണ് മദ്യമൊഴുക്കാനുള്ള കടമ്പകള്‍ ഓരോന്നും നീക്കി എല്‍.ഡി.എഫ് സര്‍ക്കാര്‍ അവരെ സഹായിക്കുന്നത്. നിയമസഭയില്‍ ചര്‍ച്ച ചെയ്ത് മദ്യനയം മാറ്റുമെന്ന് പറഞ്ഞിരുന്നെങ്കിലും ജനരോഷം ഭയന്ന് ഒരു വര്‍ഷമായിട്ടും സംസ്ഥാന സര്‍ക്കാറിന് അതിനായിട്ടില്ല. യു.ഡി.എഫ് സര്‍ക്കാറിന്റെ മാതൃകാപരമായ മദ്യ നയത്തിന്റെ ഫലമായിക്കൂടിയാണ് സുപ്രീംകോടതി ദേശീയ പാതയോരത്തെ മദ്യശാലകള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്.
ഇതിലേറെയും പുതിയ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം ജനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും എതിര്‍പ്പുമൂലം പലയിടത്തും നടന്നിട്ടില്ല. ദേശീയസംസ്ഥാന പാതകളെ ജില്ലാ പാതയാക്കിയും പ്രധാനകവാടം പിന്‍വഴിയാക്കിയുമെല്ലാം സുപ്രീം കോടതി ഉത്തരവ് അട്ടിമറിക്കാനുള്ള ശ്രമമാണുണ്ടായത്. മാറ്റാന്‍ നിര്‍ബന്ധിതമായപ്പോള്‍ പുതിയ സ്ഥലത്തേക്ക് ബാറുകളും മദ്യശാലകളും മാറ്റി സ്ഥാപിക്കാന്‍ പലയിടങ്ങളിലും ഗ്രാമപഞ്ചായത്തുകളുടെ അനുമതി ലഭിക്കാത്തതാണ് മദ്യലോബിക്ക് തിരിച്ചടിയായത്.
മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ബിവറേജസ് കോര്‍പ്പറേഷന് നഷ്ടമുണ്ടായെന്നും വേഗത്തില്‍ പരിഹരിക്കണമെന്നും വാദിക്കുന്നവര്‍, കേരളത്തിലെ മദ്യ ഉപഭോഗം കുറഞ്ഞതിനെ വിപരീതാര്‍ത്ഥത്തിലാണ് പരിശോധിക്കുന്നത്. ജനങ്ങളുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തായാക്കി പുതിയ മദ്യശാലകള്‍ തുടങ്ങാനുള്ള നീക്കം വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിന് തയ്യാറാവണം. മദ്യമൊഴുക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ നീക്കത്തിനെതരെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും കെ.പി.എ മജീദ് പറഞ്ഞു.