തനിക്കെതിരെ ഉയരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ വ്യക്തമാക്കി എഴുത്തുകാരി കെ.ആര്‍.മീര ഫെയ്‌സ്ബുക്കില്‍. ഇതിന് താഴെ കമന്റുമായി എത്തുന്നവര്‍ക്ക് തക്കതായ മറുപടിയും അവര്‍ കൊടുക്കുന്നുണ്ട്. ‘ഞാന്‍ അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്കു കിട്ടിയതായി ചാര്‍ത്തിത്തന്നതും ഇതുവരെ എനിക്ക് അറിയിപ്പു ലഭിച്ചിട്ടില്ലാത്തതുമായ ഈ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍നിന്നു ഞാന്‍ രാജി വച്ചതായി മാധ്യമസുഹൃത്തുക്കളെ അറിയിച്ചു കൊള്ളുന്നു. വൈസ് ചാന്‍സലര്‍ക്ക് ഇതു സംബന്ധിച്ച് ഇമെയില്‍ അയച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച് ഇനിയൊരു പ്രതികരണം ഇല്ല.’ മീര കുറിച്ചു. കുറിപ്പ് വായിക്കാം: എഴുതി ജീവിക്കാന്‍ തീരുമാനിച്ച നാള്‍ മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ രാഷ്ട്രീയ നിയമനങ്ങള്‍ സ്വീകരിക്കുകയില്ല എന്നാണ് എന്റെ നിഷ്‌കര്‍ഷ. ഇടതു- വലതു വ്യത്യാസമില്ലാതെ പല ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ക്ഷണം കിട്ടിയിട്ടുണ്ടെങ്കിലും നാളിതുവരെ, ഒരു രാഷ്ട്രീയ നിയമനവും ആനുകൂല്യവും സ്വീകരിച്ചിട്ടില്ല. ഭാവിയിലും അതു സ്വീകരിക്കുകയില്ല.
ഈ വര്‍ഷം ഫെബ്രുവരിയില്‍ കാണ്‍പൂര്‍ ഐ.ഐ.ടിയില്‍ ഗസ്റ്റ് സ്പീക്കര്‍ ആയി പ്രഭാഷണവും പേപ്പറും അവതരിപ്പിച്ചു മടങ്ങിയെത്തി അധികദിവസം കഴിയുന്നതിനു മുമ്പായിരുന്നു കോട്ടയത്ത് സംവിധായകന്‍ ജോഷി മാത്യുവിന്റെ നിര്‍ബന്ധത്താല്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായത്. എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് അതില്‍ പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കണ്ടതും പരിചയപ്പെട്ടതും.