Connect with us

More

ഇതാ ഇവിടെ പറക്കും ട്രെയിനുമുണ്ട്

Published

on

നാടിന്റെ വികസനം റോഡില്‍ കാണാമെന്നതാണ് വാസ്തവം. ഗതാഗത സംവിധാനങ്ങള്‍ അത്യുന്നതിയിലാവുമ്പോള്‍ എവിടെയും തിരക്ക് എന്നൊരു പ്രതിഭാസമില്ല. ഇന്ന് നമുക്ക് മോസ്‌കോ നഗരത്തിലൂടെ യാത്ര ചെയ്താലോ….
റോഡുകള്‍ അതിവിശാലവും സുന്ദരവുമാണ്. നാല്, അഞ്ച്, ആറ് വരിപ്പാതകള്‍. എല്ലാം നല്ല ടാറിട്ട റോഡുകള്‍. കല്ല് പാകിയ റോഡുകളുമുണ്ട്. റോഡുകളുടെ സവിശേഷതകളില്‍ രണ്ടെണ്ണം പറയാം. ഒന്ന് വൃത്തി-പൊടി പോലും കാണില്ല കണ്ടുപിടിക്കാന്‍. രണ്ട്- റോഡിന് ഇരുവശവുമായി ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍. മോസ്‌കോ മെട്രോ നഗരത്തിലെ റോഡുകളെക്കുറിച്ചാണ് പറയുന്നത്-വലിയ നഗരത്തിലെ വലിയ റോഡുകള്‍ക്ക് വശങ്ങളിലായി തണല്‍ മരങ്ങളും ഇരിപ്പിടങ്ങളുമുണ്ടെന്ന് പറയുമ്പോള്‍ ഓര്‍ക്കുക എത്ര വിശാലാമാണ് ആ കാഴ്ചപ്പാട്. ദിവസവും അഞ്ചിലധികം തവണ വലിയ ചുവന്ന ലോറികള്‍ വരും-റോഡ് വൃത്തിയാക്കാന്‍. ലോറികളില്‍ നിറയെ വെള്ളമാണ്. ലോറിക്ക്് മുന്നില്‍ രണ്ട് പൈപ്പുകള്‍. അവ നല്ല ശക്തിയില്‍ റോഡിലേക്ക് വെള്ളം പമ്പ് ചെയ്യും. ഫൂട്ട്പാത്തുകള്‍ക്ക് നമ്മുടെ റോഡിന്റെ വീതിയുണ്ട്. ഫൂട്പാത്തുകളിലായി മാലിന്യം നിക്ഷേപിക്കാന്‍ വലിയ വെയിസ്റ്റ് ബിനുകള്‍, ബാത്ത് റൂമുകളുമുണ്ട്. ചില റോഡുകള്‍ക്ക്് സമാന്തരമായി നല്ല പാര്‍ക്ക് റോഡുകളുണ്ട്. അതിസുന്ദരമായ പാര്‍ക്കുകള്‍. ഇവിടെ നടക്കാം, ജോഗ് ചെയ്യാം, ഇരിക്കാം, സല്ലപിക്കാം-പിന്നെ ഭക്ഷണവുമാവാം. എല്ലായിടത്തും പക്ഷേ വൃത്തിയുടെ കണ്ണുകളുണ്ട്. നിങ്ങള്‍ അലക്ഷ്യമായി ഒരു കടലാസ് വലിച്ചെറിഞ്ഞാല്‍ നോട്ടപ്പുള്ളിയായി മാറും.
റോഡുകള്‍ കീഴടക്കുന്നത് പ്രധാനമായും കാറുകളാണ്. അടിപൊളി അത്യാധുനികന്മാര്‍ റോഡിലങ്ങനെ പറക്കും. ഇടക്ക് ചെത്ത് പയ്യന്‍സിന്റെ മെഗാ ബുള്ളറ്റുകളും. പിന്നെ യാത്രാ ബസ്സുകള്‍. അവ മൂന്ന് തരമുണ്ട്. ഒന്ന് ലോംഗ് റൂട്ട് ബസ്സുകളാണ്. മോസ്‌കോയില്‍ നിന്നും രാജ്യത്തെ മറ്റ് സിറ്റികളിലേക്ക് പായുന്ന വോള്‍വോ ബസ്സുകള്‍. അവയ്ക്ക് പ്രത്യേക അതിവേഗ റോഡാണ്. രണ്ട് സാധാരാണ സിറ്റി ബസ്സുകള്‍. മൂന്ന്, ഇലക്ട്രിക്ക് ട്രോളി ബസ്സുകള്‍-അവയാണ് ഷട്ടില്‍ സര്‍വീസ് നടത്തുക. ഇതിന് പുറമെ ചെറിയ ടെംമ്പോ ട്രാവലറുകളുണ്ട്. അവ ഓരോ മെട്രോ സ്‌റ്റേഷന് പുറത്തുമുണ്ടാവും. ആളെ വിളിച്ചു കയറ്റി പോവും. ടാക്‌സികളില്‍ കാറുകള്‍ തന്നെ മുന്നില്‍. എല്ലാം മീറ്റര്‍ കാറുകളാണ്. ചതിക്കപ്പെടുകയില്ല. ബസ്സില്‍ കണ്ടക്ടറുണ്ടാവില്ല. ഡ്രൈവര്‍ മാത്രം. നിങ്ങള്‍ ബസ് സ്‌റ്റേഷനില്‍ നിന്നും ആദ്യം ടിക്കറ്റെടുക്കുക. ബസ്സില്‍ കയറുമ്പോള്‍ അത് സ്വാപ്പ് ചെയ്യുക. എല്ലാ വാഹനങ്ങളിലും ബസ്സിലും ട്രെയിനിലുമെല്ലാം യാത്ര ചെയ്യാന്‍ ഒറ്റ ടിക്കറ്റും കിട്ടും. സ്വാപ്പ് ചെയ്യുമ്പോള്‍ പച്ച ലൈറ്റ് പ്രകാശിക്കും. അതോടെ യാത്രക്ക് അനുമതിയായി.
ബസ്സിനെക്കാള്‍ ജനം ഇവിടെ ആശ്രയിക്കുന്നത് മെട്രോ ട്രെയിനുകളെയാണ്. അത് ശരിക്കും ലോകാത്ഭുതമാണ്. പന്ത്രണ്ട് ലൈനുകള്‍, 240 സ്റ്റേഷനുകള്‍, പതിനായിരത്തോളം ട്രെയിനുകള്‍, ഓരോ 90 സെക്കന്‍ഡിലും ഒരു ട്രെയിന്‍. മോസ്‌കോയില്‍ നിങ്ങളെത്തിയാല്‍ ആദ്യം ചെയ്യേണ്ടത് മെട്രോ മാപ്പ് വാങ്ങുക. അല്ലെങ്കില്‍ സ്വന്തം മൊബൈലില്‍ അത് ഡൗണ്‍ലോഡ് ചെയ്യുക. പിന്നെ അതിവിശാല നഗരം കാണാന്‍ ഒരു പ്രയാസവുമില്ല. മെട്രോ പാത അണ്ടര്‍ ഗ്രൗണ്ടാണ്. തടസ്സങ്ങളൊന്നുമില്ല. രണ്ടും മൂന്നും ദിവസമെടുത്താലും മോസ്‌കോ നഗരം കണ്ട് കഴിയില്ല. അത്രമാത്രം വലുപ്പത്തിലും വിശാലതയിലുമാണ് നഗരം കിടക്കുന്നത്. നിറയെ ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളുമെല്ലാമായി എല്ലാവര്‍ക്കും എപ്പോഴും ആസ്വദിക്കാവുന്ന നഗരം.
ട്രെയിനുകളിലെ ഭീകരന്‍ ബുള്ളറ്റ് ട്രെയിനുകളാണ്. വേഗതയുടെ സുല്‍ത്താന്‍. 400 കിലോമീറ്റര്‍ പിന്നിടാന്‍ മൂന്ന് മണിക്കൂര്‍. അതായത് നമുക്ക് കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് 400 കിലോമീറ്റര്‍ പിന്നിടാന്‍ 10 മണിക്കൂര്‍ വേണ്ടേ, ബുള്ളറ്റ് ട്രെയിന്‍ കയറി മോസ്‌കോയില്‍ നിന്നും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെത്താന്‍ മൂന്നര മണിക്കൂര്‍. ദൂരം 400 ലധികം കിലോമീറ്ററുണ്ട്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുക. കൃത്യസമയത്ത്് തന്നെ ട്രെയിന്‍ പുറപ്പെടും. നമ്മുടെ നാട്ടിലെ റെയില്‍വേ അറിയിപ്പ് പോലെ തിരുവനന്തപുരത്ത് നിന്നും കുര്‍ള വരെ പോകുന്ന നേത്രാവതി എക്‌സ്പ്രസ്സ് അഞ്ച് മണിക്കൂര്‍ െൈവകി ഓടുകയാണ്. യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യങ്ങളില്‍ റെയില്‍വേ ഖേദിക്കുന്നു എന്ന തരത്തിലുള്ള വൈകല്‍ പ്രഖ്യാപനമൊന്നും ഇവിടെയില്ല. കിറുകൃത്യം-വണ്ടി പുറപ്പെട്ടിരിക്കും. നിങ്ങള്‍ സ്വന്തം സീറ്റില്‍ നേരത്തെ എത്തുക. സീറ്റ് ബെല്‍റ്റ് ധരിക്കുക. പിന്നെ ഒന്നുമറിയണ്ട-ഞെട്ടല്‍ ഇല്ലാത്തവര്‍ക്ക് എളുപ്പത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്താം.
സാധാരണ ലോംഗ് റൂട്ട് ട്രെയിനുകള്‍ വേറെയുണ്ട്. അവയ്ക്ക് നമ്മുടെ ട്രെയിനുകളുടെ വേഗതയാണ്. പക്ഷേ സമയകാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല. ഉള്‍പ്രദേശങ്ങളിലേക്ക് പോവാന്‍ ട്രെയിന്‍ കാറുകളുണ്ട്. ഒന്നോ രണ്ടോ ബോഗികള്‍ മാത്രമുള്ള ട്രെയിനുകള്‍. ഇവയാണ് കാര്യമായി ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്നത്. മോസ്‌കോ നഗരത്തില്‍ മാത്രമുണ്ട് രണ്ട് വിമാനത്താവളങ്ങള്‍. അവിടെ നിന്നും ഇടതടവില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാനങ്ങള്‍ പറക്കുന്നു.
സ്വകാര്യ കാറുകള്‍ എല്ലാവര്‍ക്കുമുണ്ട്. പക്ഷേ ജനം അത് അധികം ഉപയോഗിക്കാറില്ല. സൈക്കിള്‍ താല്‍പര്യമുള്ളവര്‍ക്ക്്് നല്ല സൈക്കിള്‍ പാതയുമുണ്ട്. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന മോട്ടോര്‍ നിയന്ത്രിത ഹാന്‍ഡ് സൈക്കിളും ധാരാളമുണ്ട്. കോട്ടും സുട്ടൂമിട്ട് ഉദ്യോഗസ്ഥര്‍ ഇതില്‍ പറക്കുന്നത് കാണാം. പത്ത് ദശലക്ഷത്തോളമുണ്ട് മോസ്‌കോ നഗരത്തില്‍ ജനം. എന്നിട്ടും ഒരു തിരക്കുമില്ല. എല്ലായിടത്തും ശാന്തമായ ഒഴുക്ക്.

tech

യൂട്യൂബ് മ്യൂസിക് കൂടുതല്‍ സ്മാര്‍ട്ട്: ഇനി പ്ലേലിസ്റ്റിലെ പാട്ടുകള്‍ സെക്കന്‍ഡുകള്‍ക്കകം കണ്ടെത്താം

ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.

Published

on

ദീര്‍ഘമായ പ്ലേലിസ്റ്റുകളില്‍ സ്‌ക്രോള്‍ ചെയ്ത് ഒരു പാട്ട് കണ്ടെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ യൂട്യൂബ് മ്യൂസിക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത് ‘find my playlist’ എന്ന ഫീച്ചറാണ്. നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപ്രകാരം, ഈ പരീക്ഷണ ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്.

പ്ലേലിസ്റ്റ് പേജിലെ shuffle play ബട്ടണിന് താഴേയുള്ള മൂന്ന് ഡോട്ട് മെനുവിലെ ഓപ്ഷനായി ഇത് ചിലര്‍ക്കു പ്രത്യക്ഷപ്പെട്ടു. എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സവിശേഷത ലഭ്യമല്ല അതായത് ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ചില അക്കൗണ്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആക്‌സസ്. പാട്ടുകളുടെ പേരുവഴി പ്ലേലിസ്റ്റിനുള്ളില്‍ നേരിട്ട് തിരയാനുള്ള ഈ സൗകര്യം ഇപ്പോള്‍ പരിമിതമായ iOS ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുന്നത്.

ആന്‍ഡ്രോയിഡ് പതിപ്പില്‍ ഇതുവരെ ഈ ഫീച്ചര്‍ എത്തിയിട്ടില്ല. ഫീച്ചറിന്റെ വ്യാപകമായ റോള്ഔട്ടിനും ആന്‍ഡ്രോയിഡ് റിലീസിനും യൂട്യൂബ് ഇതുവരെ വ്യക്തമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഈ അപ്‌ഡേറ്റ്, വലിയ പ്ലേലിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു പ്രത്യേകിച്ച് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

Continue Reading

More

വൈഷ്ണയുടെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചന: വിഡി സതീശന്‍

ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് പങ്ക്: തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിക്കണം; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണ്. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കും അദ്ദേഹം പറഞ്ഞു.

വൈഷ്ണയുടെ വോട്ട് പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവിന്‍ ഉദ്യോഗസ്ഥതലത്തിലെ ഗുരുത വീഴ്ചകള്‍ എടുത്ത് പറയുന്നു. സി.പി.എം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ തീര്‍ത്തും ഏകപക്ഷീയമായി തീരുമാനമെടുത്തു. സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തത്. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് ഒരു ന്യായീകരണവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വൈഷ്ണ ഹിയറിംഗ് സമയത്ത് നല്‍കിയ രേഖകള്‍ ഒന്നും ഉദ്യോഗസ്ഥന്‍ പരിഗണിച്ചില്ല. വൈഷ്ണയുടെ അസാനിധ്യത്തില്‍ സി.പി.എം പ്രാദേശിക നേതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ട് വെട്ടിയത്. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ ഗൂഡാലോചനക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. എക്കാലത്തും സി.പി.എം ഭരണത്തിലുണ്ടാകില്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സി.പി.എമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Education

മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്

2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര്‍ മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.

2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്‌കൂള്‍ നല്‍കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്‍പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്‍. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്‍. നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന്‍ പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.

Continue Reading

Trending