kerala

ഓടുന്ന കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ ഇളകി റോഡില്‍ വീണു

By webdesk14

February 19, 2023

സര്‍വ്വീസ് നടത്തുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ ഇളകി റോഡില്‍ വീണു. കട്ടപ്പനയില്‍ നിന്ന് നിറയെ യാത്രക്കാരുമായി തൊടുപുഴയിലേക്കു പോയ ബസിന്റെ പിന്നിലെ വാതിലാണ് വീണത്.

ഇടുക്കി ടൗണിനു സമീപം വെള്ളിയാഴ്ച വൈകീട്ട് ആറേകാലോടെയായിരുന്നു സംഭവം. വിജാഗിരിയുടെ വെല്‍ഡിങ് തുരുമ്പെടുത്തതാണു വാതില്‍ തകരാന്‍ ഇടയായത്. ഇതോടെ, അടയ്ക്കാനായി കെട്ടിയിരുന്ന കയറില്‍ വാതില്‍ തൂങ്ങിക്കിടക്കുകയായിരുന്നു.

ഈ സമയം ഡോറില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ അത്യാഹിതം ഉണ്ടായില്ല. ഉടന്‍ ബസ് നിര്‍ത്തി ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങി വാതില്‍ എടുത്ത് ബസിനകത്തു വച്ചു യാത്ര തുടര്‍ന്നു. കൃത്യമായ ഇടവേളകളില്‍ വാഹനത്തിന്റെ അറ്റക്കുറ്റപ്പണികള്‍ തീര്‍ക്കാത്തതാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് ഇടയാക്കുന്നത്. ഡോറിന്റെ അടുത്ത് ആളില്ലാത്തതു മൂലം വലിയ അനിഷ്ട സംഭവങ്ങള്‍ നടന്നില്ല, പക്ഷെ എല്ലായ്‌പ്പോഴും അങ്ങനെ ആകണമെന്നില്ലല്ലൊ.