kerala

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ സംഭവം; മുപ്പതോളം പേര്‍ക്ക് പരുക്ക്

By Lubna Sherin K P

November 04, 2024

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ സംഭവത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരെ തിരൂരങ്ങാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.

ദീര്‍ഘദൂര ബസാണ് അപകടമേറ്റതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. തൊട്ടില്‍പാലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ രാത്രി 11.15ഓടെയാണ് ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഒരു പാടത്തേക്കാണ് ബസ് മറിഞ്ഞുവീണത്. ബസിന്റെ ചില്ലുകള്‍ പൊട്ടിച്ചാണ് നാട്ടുകാര്‍ ബസിനകത്തെ ആളുകളെ പുറത്തേക്കെടുത്തത്.

അപകട കാരണം വ്യക്തമല്ല. നാട്ടുകാര്‍ തങ്ങളുടെ വാഹനത്തിലും ആംബുലന്‍സുകളിലുമായാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ബസിന്റെ വേഗത കുറവായതും യാത്രക്കാര്‍ കുറവായതും മൂലം വലിയ ദുരന്തം ഒഴിവായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.