kerala

ആർക്കാണ് ആണത്തം, വെല്ലുവിളിച്ച കുഴൽനാടനോ വാ തുറക്കാത്ത മുഖ്യമന്ത്രിക്കോ എന്ന് ചോദിച്ച് കെ.സുധാകരൻ

By webdesk15

August 20, 2023

ആരോപണങ്ങൾ ഉയർന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ ആണത്തമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ചോദിച്ചു.എത്രയോ അന്തസോടും നട്ടെല്ലോടും കൂടിയാണ് അദ്ദേഹം സിപിഎമ്മുകാരെ വെല്ലുവിളിച്ചത്.പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.മാത്യു കുഴൽനാടനും കോൺഗ്രസും ആ നട്ടെല്ല് കാണിച്ചിരിക്കുന്നു. ‘അഴിമതി ആരോപണം ഉയർന്നപ്പോൾ ഇത്ര നട്ടെല്ലോടെ പ്രതികരിച്ച മറ്റൊരു പൊതുപ്രവർത്തകനുണ്ടോ? കെ.സുധാകരൻ ചോദിച്ചു.‘ഈ സിപിഎമ്മുകാർ പറഞ്ഞുപറഞ്ഞ് എത്ര പുകമറകളാണ് തീർത്തിരിക്കുന്നത്.വെറുതെ ആളുകൾക്കു മുന്നിൽ പുകമറ സൃഷ്ടിക്കുക, ആളുകളെ ഇകഴ്ത്തിക്കാട്ടുക തുടങ്ങിയ സിപിഎമ്മിന്റെ നാണംകെട്ട, നെറികെട്ട ശൈലിയാണത്. യാതൊരു ധാർമികതയുമില്ലാതെ അവർ ഇത്രയും അധപതിച്ചതിൽ വിഷമമുണ്ട്. മുഖ്യമന്ത്രിക്കു പോലും ധാർമികതയില്ലെന്നും കെ.സുധാകരൻ പറഞ്ഞു.