കൊച്ചി: വിദേശകാര്യ മന്ത്രാലയ അനുമതിയില്ലാതെ മന്ത്രി ജലീല്‍ കോണ്‍സുലേറ്റുമായി ഇടപെട്ടതും സംഭാവനകള്‍ സ്വീകരിച്ചതും മന്ത്രിക്ക് കൂടുതല്‍ കുരുക്കാവുന്നു. ജലീലിന്റെ മൊഴിയില്‍ നിന്ന് വിദേശ പണമിടപാട് സംബന്ധിച്ച ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ ലംഘനം നടന്നതായാണ് ഇഡി നിഗമനം.

വിദേശകാര്യ മന്ത്രാലയ അനുമതിയില്ലാതെ യുഎഇ കോണ്‍സുലറില്‍ നിന്ന് സംഭാവന സ്വീകരിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിന്റെ ലംഘനമാണ്. മാര്‍ച്ച് നാലിന് 400 കിലോയിലേറെ ഭാരം വരുന്ന 31 ബാഗുകള്‍ കൊണ്ടുവന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇത് മന്ത്രിയും സ്ഥിരീകരിച്ചിരുന്നു.

ബാഗുകളില്‍ ഖുര്‍ആനാണെന്നും ഇത് മലപ്പുറത്തെ രണ്ട് മതസ്ഥാപനങ്ങളിലേക്ക് കൊണ്ടുപോയെന്നും മന്ത്രിതന്നെ പറഞ്ഞിരുന്നു. മതഗ്രന്ഥങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് വിദേശ കോണ്‍സുലേറ്റുകള്‍ക്ക് എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് പ്രോട്ടോകോള്‍ ബുക്കിലുണ്ട്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റിയത് തന്നെ നിയമലംഘനമായതിനാല്‍ കൂടുതല്‍ കുരുക്കിലേക്കാണ് മന്ത്രി നീങ്ങുന്നത്.

ഇഡിക്ക് പിന്നാലെ കസ്റ്റംസും എന്‍ഐഎയും ജലീലിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ചോദിച്ചതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യലുണ്ടാവുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.