kerala

മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല; സ്വകാര്യ കാറില്‍ മുഖം മറച്ച് ജലീല്‍

By chandrika

September 17, 2020

കൊച്ചി: കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ മന്ത്രി കെടി ജലീല്‍ ചോദ്യം ചെയ്യലിനെത്തി. സ്വകാര്യവാഹനത്തിലാണ് ജലീല്‍ എത്തിയത്. മുഖം മറച്ച് രാവിലെ ആറുമണിയോടെ എത്തിയ ജലീല്‍ മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല.

മുന്‍ ആലുവ എംഎല്‍എയും സിപിഎം നേതാവുമായ എംഎ യൂസഫിന്റെ കാറിലാണ് ജലീല്‍ ഓഫീസിലെത്തിയത്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയത് പോലെ തന്നെ രഹസ്യമായി സ്വകാര്യ വാഹനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. മുഖം മറച്ചാണ് ജലീല്‍ ചോദ്യം ചെയ്യലിനെത്തിയത്. മാധ്യമപ്രവര്‍ത്തകന്‍ വിളിച്ചെങ്കിലും തിരിഞ്ഞു നോക്കാതെ മന്ത്രി എന്‍ഐഎ ഓഫീസിലേക്ക് കയറിപ്പോവുകയായിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ ജലീലിനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയ എന്‍ഐഎ സംഘം ഇഡി ശേഖരിച്ച വിവരങ്ങള്‍ മുഴുവന്‍ പരിശോധിച്ചിരുന്നു. മതഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നാണ് എന്‍ഐഎ സംശയിക്കുന്നത്. മതഗ്രന്ഥങ്ങളുടെ തൂക്കവും വന്ന പാര്‍സലിന്റെ തൂക്കവും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. ഇതാണ് മന്ത്രിക്ക് കുരുക്കാവുന്നത്.

നേരത്തെ അരൂരിലെ ഒരു വ്യവസായിയുടെ വാഹനത്തിലാണ് മന്ത്രിയെത്തിയിരുന്നത്. എന്നാല്‍ ഇത്തവണ എറണാകുളത്തെ സിപിഎം നേതാവായ യൂസുഫിന്റെ വാഹനത്തിലാണ് ചോദ്യം ചെയ്യലിന് എത്തിയത്. മലപ്പുറത്തെ അഡ്രസില്‍ കത്ത് കിട്ടിയത് കൊണ്ടാണ് ഔദ്യോഗിക വാഹനം ഒഴിവാക്കിയത് എന്നായിരുന്നു അന്ന് മന്ത്രി അതിന് ന്യായീകരണം പറഞ്ഞിരുന്നത്. ഇന്നും ഔദ്യോഗിക വാഹനം ഒഴിവാക്കിയെത്തിയതിന് എന്ത് ന്യായീകരണം മന്ത്രി പറയുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.