Culture

കെ.ടി ജലീലിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം.

By chandrika

November 02, 2017

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. കുടുംബശ്രീ നിയമനങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് നടപടി. അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി കെ.വി മഹേഷ്ദാസ് പരാതിക്കാരന്റെ മൊഴിയെടുത്തു. യോഗ്യതയില്ലാത്ത ആളുകളെ ഉയര്‍ന്ന പദവിയില്‍ നിയമിക്കാന്‍ കെ.ടി ജലീല്‍ ശുപാര്‍ശ ചെയ്‌തെന്ന മുന്‍ ഡയറക്ടര്‍ എന്‍.കെ ജയയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ അന്വേഷണം നടക്കുന്നത്. കെ.ടി ജലീലിന് പുറമേ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കിഷോര്‍ ഐ.എ.എസിനെതിരേയും പ്രാഥമിക അന്വേഷണം നടക്കുന്നുണ്ട്. റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞ് ലിസ്റ്റിന് പുറത്ത് നിന്ന് ആളുകളെ നിയമിച്ചെന്ന് മന്ത്രിക്കെതിരെ ഉയര്‍ന്ന ആക്ഷേപവും വിജിലന്‍സ് പരിശോധിക്കും. ഇത് സംബന്ധിച്ച രേഖകളും തെളിവുകളും വിജിലന്‍സിന് കൈമാറി. നടപടികള്‍ പൂര്‍ത്തിയായാല്‍ പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. ഇതിിന് ശേഷമായിരിക്കും മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ.