മലപ്പുറം: മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയും എം.എല്‍.എയുമായ ഡോ.കെ.ടി. ജലീല്‍, എയ്ഡഡ് കോളജ് അധ്യാപകനായിരിക്കെ നിയമസഭാംഗമായ കാലയളവിലെ ശൂന്യവേതനാവധി പെന്‍ഷന്‍ സര്‍വീസായി കണക്കാക്കി 27.5 വര്‍ഷത്തെ പെന്‍ഷന്‍ ആനുകൂല്യം നേടിയെടുക്കാന്‍ നീക്കം നടത്തുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ.റസാഖ് വിവരാവകാശം വഴി പുറത്തുവിട്ട രേഖകളിലാണ് മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിലെ നിയമപരമായ പൊരുത്തക്കേടുകള്‍ വ്യക്തമാക്കുന്നത്. ഈ നീക്കം കേരള സര്‍വീസ് ചട്ട ങ്ങള്‍ ലംഘിക്കുന്നതാണ്.
സാധാരണക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമല്ലാത്ത അനധികൃത ഇളവുകള്‍ ഉപയോഗിച്ച് പെന്‍ ഷന്‍ തട്ടിയെടുക്കാനുള്ള ശ്രമമാണ് കെ.ടി ജലീല്‍ നടത്തുന്നത്. കേരള സര്‍വീസ് ചട്ടങ്ങള്‍ പാര്‍ട്ട്3, റൂള്‍ 25 പ്രകാരം, ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ രാജി വെച്ചാല്‍ ആ രാജിക്ക് മുന്‍പുള്ള സര്‍വീസ് പെന്‍ഷന്‍ ആവശ്യങ്ങള്‍ക്കായി കണക്കാക്കില്ല. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2021ലാണ് കെ.ടി ജലീല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ നിന്ന് രാജിവെച്ചത്.