kerala

വടകരയിലെ യുഡിഎഫ് സൗഹാര്‍ദ്ദ സദസ്സിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി കെ.ടി ജലീല്‍

By webdesk14

May 02, 2024

വടകരയെ മുറിവേല്‍പിക്കാന്‍ അനുവദിക്കില്ല, നാടൊന്നിക്കണം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന യു.ഡി.എഫ് വര്‍ഗീയ വിരുദ്ധ സദസ്സിനെതിരെ വര്‍ഗീയത ആളിക്കത്തിച്ച് കെ.ടി ജലീല്‍. ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്.

സംഘ്പരിവാര്‍ പോലും ഇങ്ങനെയൊരു ആരോപണം പറഞ്ഞിട്ടില്ല. അവരെക്കാളും ശക്തമായാണ് വടകരയില്‍ മുസ്ലിം ധ്രുവീകരണത്തിന്റെ പേര് പറഞ്ഞ് ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാന്‍ സി.പി.എം പണിയെടുത്തതെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ചത്.

വന്യമായ മതാവേശത്തോടെ ചെറുപ്പക്കാരും സ്ത്രീകളും ഓടിക്കൂടുന്ന കാഴ്ചയാണ് വടകരയില്‍ ഉണ്ടായതെന്നും സ്ഥാനാര്‍ത്ഥിയോടുള്ള മതാഭിമുഖ്യം ഒരുതരം ഭ്രാന്തായി മാറിയ അവസ്ഥയാണ് കണ്ടതെന്നും ജലീല്‍ എഴുതി. ഒരു മുസ്ലിം ചെറുപ്പക്കാരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വന്നതിനെയാണ് ഇങ്ങനെ കടുത്ത വര്‍ഗീയതയായി ചിത്രീകരിക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചത് നിരവധിപേരാണ്.