പത്തനംതിട്ട: ബിജെപി മുന്‍ അധ്യക്ഷനും മിസോറം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍ത്തു. പരാതിക്കാരന്‍ ആറന്മുള സ്വദേശി പിആര്‍ ഹരികൃഷ്ണന്‍ പരാതി പിന്‍വലിച്ചു. കിട്ടാനുള്ള പണം മുഴുവന്‍ തിരികെ കിട്ടിയെന്ന് പരാതിക്കാരന്‍ പറഞ്ഞു. എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് രഹിത പേപ്പര്‍ കോട്ടണ്‍ മിക്‌സ് ബാനര്‍ നിര്‍മിക്കുന്ന കമ്പനിയില്‍ നിക്ഷേപകനാക്കാമെന്ന് വാഗ്ദാനം ചെയ്ത് ആറന്മുള സ്വദേശിയായ ഹരികൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്ന് പണം തട്ടിയെടുത്തതാണ് കേസ്. 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. കേസില്‍ കുമ്മനം രാജശേഖരനെ നാലാം പ്രതിയാക്കിയാണ് ആറന്മുള പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആകെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്. കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണാണ് ഒന്നാം പ്രതി. ഇയാളുടെ പങ്കാളിയായ വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാനേജറും ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാറും പ്രതിപ്പട്ടികയിലുണ്ട്.