india

ഇവിഎം എന്നാല്‍ എവരി വോട്ട് മോദി എന്നാണ്; വിമര്‍ശനവുമായി കുനാല്‍ കംറ

By ചന്ദ്രിക വെബ് ഡെസ്‌ക്‌

November 10, 2020

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റു ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി മുന്നേറ്റം നടത്തുന്നതിനിടെ വോട്ടിങ് മെഷീന്‍ അട്ടിമറി വീണ്ടും ചര്‍ച്ചയാവുന്നു. ശക്തനായ മോദി വിമര്‍ശകനായ ബോളിവുഡ് താരം കുനാല്‍ കംറ അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇവിഎം എന്നാല്‍ എവരി വോട്ട് മോദി എന്നാണെന്ന് കുനാല്‍ കംറ ട്വീറ്റ് ചെയ്തു.

EVM = Every Vote Modi

— Kunal Kamra (@kunalkamra88) November 10, 2020

ബിഹാറില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മഹാസഖ്യം ബഹുദൂരം മുന്നിലായിരുന്നു. പിന്നീട് വോട്ടിങ് മെഷീന്‍ എണ്ണാന്‍ തുടങ്ങിയപ്പോഴാണ് എന്‍ഡിഎ സഖ്യം മുന്നേറാന്‍ തുടങ്ങിയത്. ഇതാണ് വോട്ടിങ് മെഷീന്‍ അട്ടിമറി വീണ്ടും ചര്‍ച്ചയാവാന്‍ കാരണം. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ 79 സീറ്റുകളില്‍ മഹാസഖ്യം ലീഡ് ചെയ്തപ്പോള്‍ 33 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎക്ക് ലീഡ് ചെയ്യാനായത്. എന്നാല്‍ വോട്ടിങ് മെഷീനുകള്‍ എണ്ണിത്തുടങ്ങിയതോടെ എന്‍ഡിഎ സഖ്യം മുന്നേറുകയായിരുന്നു.

അതേസമയം വോട്ടെണ്ണല്‍ വളരെ മന്ദഗതിയാണ് മുന്നോട്ടു പോവുന്നത്. 30 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എണ്ണുന്നതിനാലണ് വൈകുന്നതെന്നാണ് വിവരം. എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്ന പല മണ്ഡലങ്ങളിലും ആയിരത്തില്‍ താഴെ മാത്രമാണ് ലീഡ് നില. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാവാന്‍ സമയമെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.