Film

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ 50 കോടിയുമായി ക്ലബ്ബില്‍

By webdesk13

March 06, 2025

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി അന്‍പതു കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. സൂപ്പര്‍ ഹിറ്റായി തിയേറ്ററില്‍ പ്രദര്‍ശനം നേടുന്ന ചിത്രത്തിന്റെ ലോക വ്യാപക കളക്ഷന്‍ 50കോടിക്ക് മുകളിലാണ്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ അഞ്ചാം പാതിരാ, ന്നാ താന്‍ കേസ് കൊടുക്ക് എന്നീ ചിത്രങ്ങള്‍ നേരത്തെ അന്‍പതു കോടി ക്ലബ്ബില്‍ എത്തിയിരുന്നു.

ചിത്രത്തിന് ആഗോളവ്യാപകമായി പ്രേക്ഷകാഭിപ്രായവും പ്രശംസയും ലഭിക്കുമ്പോള്‍ ഇ ഫോര്‍ ഇന്റര്‍ടൈന്‍മെന്റ്‌സ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ തമിഴ്, തെലുങ് ഭാഷകളില്‍ മാര്‍ച്ച് 14ന് ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ഫാര്‍സ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിക്കുന്നത്.

നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനായ ജിത്തു അഷ്‌റഫാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ സംവിധായകന്‍. ‘ഇരട്ട’ എന്ന ചിത്രത്തിന്റെ കോ ഡിറക്ടര്‍ കൂടിയാണ് ജിത്തു അഷ്റഫ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.

‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമന്‍ ചാക്കോ ചിത്രസംയോജനവും ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്‍, വിഷ്ണു ജി വാരിയര്‍, ലയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.