കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും ഉറ്റബന്ധുക്കളുമുള്‍പ്പെടെ ഒന്‍പതുപേര്‍ പോലീസ് കസ്റ്റഡിയില്‍. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്ന് കൊല്ലം റൂറല്‍ എസ്.പി പറഞ്ഞു.

കുട്ടിയുടെ അമ്മയും അവരുടെ ഉറ്റബന്ധുക്കളടക്കമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കുട്ടിയെ അച്ഛന്‍ ലൈംഗികപീഢനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന ഒരു കേസ് നിലനിന്നിരുന്നു. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്ന് സംശയമുണ്ട്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞാണ് ജീവിച്ചിരുന്നത്. അങ്ങനെയെങ്കില്‍ കുട്ടിയുടെ അമ്മയുടെ കയ്യില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. ഇതിനായി ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ അന്വേഷണത്തിന് സഹകരിക്കാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് എസ്.പി പറയുന്നു.

അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് കൂടുതല്‍ അന്വഷണം നടത്തുമെന്നും എസ്.പി അറിയിച്ചു.10പേരുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കൂടുതല്‍ ശാസ്ത്രീയപരിശോധനക്ക് വിധേയമാക്കും. രണ്ടുമാസം മുമ്പാണ് ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടത്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ലൈംഗികപീഢനത്തിന് ഇരയായിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടും പോലീസ് അന്വേഷണം നടത്തിയില്ല. സംഭവം വാര്‍ത്തയായതോടെയാണ് കേസില്‍ അന്വേഷണം നടന്നത്.