കുണിയ: ആദര്‍ശ വിശുദ്ധിയുടെ ഒരു നൂറ്റാണ്ടിന്റെ അടയാളപ്പെടുത്തലായി സമസ്ത രചിക്കുന്ന ഇതിഹാസത്തിന് സാക്ഷിയാകാനൊരുങ്ങുകയാണ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരി. ആയിരത്തോളം പേര്‍ക്കിരിക്കാവുന്ന വേദിയും ലക്ഷങ്ങളെ ഉള്‍ക്കൊള്ളാനൊരുങ്ങി നില്‍ക്കുന്ന സദസുമുള്‍പ്പെടെ അത്ഭുതകരമായ സംവിധനങ്ങളാണ് കാസര്‍ക്കോട് ജില്ലയിലെ കുണിയയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് ബെംഗളുരുവില്‍ പ്രഖ്യാപിച്ച സമാപന സമ്മേളനത്തിന് മാസങ്ങള്‍ നീണ്ടുനിന്ന ഒരുക്കങ്ങളാണ് നടത്തിയത്. 33313 പേര്‍ സംഗമിച്ച പഞ്ചദിന ക്യാമ്പിനൊടുവില്‍ നടക്കുന്ന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലാ റെക്ടര്‍ ഡോ. സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്യും.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. നിരവധി വിദേശ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കേരള, കര്‍ണാടക മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, കെ. സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ സംസാരിക്കും.
ദക്ഷിണേന്ത്യയില്‍നിന്ന് മാത്രമല്ല, ഇന്ത്യയിലെ മറ്റിതര സംസ്ഥാനങ്ങളില്‍നിന്നും കാസര്‍കോട്ടേക്കുള്ള ജനങ്ങളുടെ ഒഴുക്ക് ആരംഭിച്ചിരിക്കുകയാണ്. അഭൂതപൂര്‍വമായ ജനമായിരിക്കും സമ്മേളനത്തിനെത്തുകയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.