Culture

കുഞ്ചാക്കോ ബോബനെ ഭീഷണിപ്പെടുത്തിയ ആള്‍ കൊലപാതകക്കേസില്‍ അറസ്റ്റില്‍

By chandrika

October 29, 2019

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സ്റ്റാന്‍ലി ജോസഫ് (76) കൊലപാതകക്കേസില്‍ അറസ്റ്റിലായി. ചേമ്പിന്‍കാട് കോളനി നിവാസി ദിലീപ് കുമാര്‍(66) എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് സ്റ്റാന്‍ലി അറസ്റ്റിലായത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തു വെച്ചാണ് കൊലപാതകം നടത്തിയത്.

സ്റ്റാന്‍ലിയും ദിലീപും പള്ളികളില്‍ നിന്നുള്ള സാമ്പത്തിക സഹായം കൊണ്ടു ജീവിക്കുകയായിരുന്നെന്നും സംഭാവന കിട്ടിയ പണം വീതം വെയ്ക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ദിലീപിനെ സ്റ്റാന്‍ലി കുത്തിക്കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 23ന് അര്‍ധരാത്രിയായിരുന്നു കൊലപാതകം നടന്നത്. കുഞ്ചാക്കോ ബോബനെ ഭീഷണിപ്പെടുത്തിയ കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സ്റ്റാന്‍ലി.

കൊലപാതകം നടത്തിയതിന് ശേഷം ഒളിവില്‍ പോയ സ്റ്റാന്‍ലിയെ കടവന്ത്ര ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.