തൃശൂര്‍: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതില്‍ സസ്‌പെന്‍ഷനിലായ നാല് പൊലീസുകാര്‍ക്കെതിരെയും തുടര്‍നടപടികളിലേക്ക് നീങ്ങുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ ഉത്തര മേഖല ഐജി രാജ്പാല്‍ മീണ തൃശ്ശൂര്‍ റേഞ്ച് ഡിഐജിയോട് ആവശ്യപ്പെട്ടു. കേസില്‍ പുനരന്വേഷണം നടത്താനാണ് തീരുമാനം. ഇതോടെ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി പുനപരിശോധിക്കാനാകും.
അതേസമയം സുജിത്തിനെ മര്‍ദിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പൊലീസ് മര്‍ദനത്തിനെതിരായ വികാരം ഉയര്‍ത്താന്‍ കെപിസിസി നീക്കമാരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായിട്ടുള്ള സ്റ്റേഷന്‍ മര്‍ദനങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കും. ഇത്തരം സിസിടിവി ദൃശ്യങ്ങള്‍ സംഘടിപ്പിക്കാനും ശ്രമം നടത്തും.