kerala

കുന്നംകുളം പൊലീസ് മുറ; നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

By nazmiya nazreen

September 06, 2025

കുന്നംകുളം പൊലീസ് മുറയില്‍ ഉള്‍പ്പെട്ട നാലുപൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തരമേഖല ഐജിയാണ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയത്. പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ശിപാര്‍ശ ചെയ്ത് തൃശൂര്‍ ഡിഐജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എസ്‌ഐ നുഹ്മാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിപിഒമാരായ സന്ദീപ്, സജീവന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

നേരത്തെ സംഭവത്തില്‍ പൊലീസുകാരുടെ ഇന്‍ക്രിമെന്റ് തടഞ്ഞുകൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചിരുന്നത്. ഇതോടൊപ്പം ആരോപണ വിധേയരെ കുന്നംകുളം സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പൊലീസുകാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. സുജിത്തിനെ പൊലീസുകാര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കടുത്ത നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നു.

അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.