kerala

കൂരിയാട് ദേശീയപാത തകര്‍ച്ച; കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം

By webdesk17

May 22, 2025

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ നിര്‍മാണ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്രം. കണ്‍സള്‍ട്ടന്റ് ആയ ഹൈവേ എന്‍ജിനീയറിങ് കമ്പനിക്കും വിലക്കേര്‍പ്പെടുത്തി. തുടര്‍ കരാറുകളില്‍ പങ്കെടുക്കാനാകില്ല.

സംഭവത്തില്‍ ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച സംഘം രേഖകള്‍ കൂടി പരിശോധിച്ച ശേഷമാകും റിപ്പോര്‍ട്ട് നല്‍കുക. അതേസമയം നിലവിലെ നിര്‍മാണ രീതിയില്‍ മാറ്റം വരുത്തി പ്രദേശത്ത് പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദേശീയപാത തകര്‍ച്ചയില്‍ മൂന്നംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സമിതി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അതിനിടെ സംസ്ഥാനത്തെ ദേശീയപാതയിലെ നിര്‍മ്മാണ അപാകതകള്‍ സംബന്ധിച്ച് ജനപ്രതിനിധികള്‍ നേരത്തതന്നെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലാത്തതാണ് തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് ആരോപണം.