kerala

മെഡിക്കല്‍ കോളേജ് ഇല്ലാത്തത് ഗുരുതര പ്രശ്‌നം, മുഖ്യമന്ത്രിയെ ഫോണില്‍ കിട്ടിയില്ല: രാഹുല്‍ ഗാന്ധി

By webdesk14

February 18, 2024

മാനന്തവാടി: വയനാട് ജനത നേരിടുന്നത് ഗുരുതര പ്രശ്‌നമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായിരുന്നു. ഭാരത് ജോഡോ ന്യായ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചാണ് ഇരകളുടെ കുടുംബത്തെ കാണാനെത്തിയത്. അവരുമായും അധികൃതരുമായും സംസാരിച്ചു. ഫലപ്രദമായ രീതിയില്‍ കുടുംബങ്ങള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വൈകുന്നത് ശരിയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വന്യമൃഗ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം സജ്ജീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഉണ്ട്. ഒരു ടീം മതിയാവില്ല. ആര്‍ആര്‍ടി സംഘത്തിന്റെ എണ്ണം കൂട്ടാനും അവര്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കാനും നിര്‍ദേശിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ജില്ലയില്‍ മെഡിക്കല്‍ കോളേജ് ഇല്ലായെന്നത് ഗുരുതരമായ പ്രശ്‌നമാണ്. മന്ത്രാലയവുമായി സംസാരിച്ചെങ്കിലും എന്തുകൊണ്ടാണ് വൈകുന്നതെന്ന് തനിക്ക് മനസ്സിലായില്ല. അത്ര സങ്കീര്‍ണ്ണമായ കാര്യമല്ല. ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടും മെഡിക്കല്‍ കോളേജ് സജ്ജമാക്കാത്തത് ഗുരുതര വിഷയമാണ്. ഇക്കാര്യം സൂചിപ്പിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നുവെന്നും രാഹുല്‍ സൂചിപ്പിച്ചു.