കൊല്ലം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിയെ ചോദ്യം ചെയതു. പ്രതി ഹാരിസിന്റെ സഹോദര ഭാര്യയാണ് ഇവര്‍. യുവാവിന്റെ മാതാവിനെയും പ്രത്യേക അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. അന്വേഷണ സംഘം ഫോണ്‍ വിളികളുടെ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്.

ലക്ഷ്മി പ്രമോദുമായി റംസി നല്ല അടുപ്പത്തിലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ സമൂഹ മാധ്യമത്തില്‍ ഒന്നിച്ച് ടിക് ടോക് വീഡിയോയും ചെയ്തിട്ടുണ്ട്. റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കും.

റംസിയുടെ ആത്മഹത്യയില്‍ വരന്റെ വീട്ടുകാര്‍ക്കു പങ്കുണ്ടെന്ന് റംസിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

റംസിയും ലക്ഷ്മിയും തമ്മില്‍ നടന്ന ഫോണ്‍ വിളികളും സന്ദേശ കൈമാറ്റവും അന്വേഷണ സംഘം തെളിവായി എടുത്തിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്പ് റംസി ഹാരിസിനേയും ഹാരിസിന്റെ മാതാവിനേയും വിളിച്ചിരുന്നു. ഇവരുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുക്കും. പല കാരണങ്ങള്‍ പറഞ്ഞ് ഹാരിസും കുടുംബവും തന്നെ ഒഴിവാക്കാന്‍ നോക്കുകയാണെന്ന് റംസി പറയുന്ന ശബ്ദ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്.