india

ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാന്‍ നീക്കം

By Test User

February 26, 2021

ഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ ശുപാര്‍ശ ചെയ്യുന്ന നിയമത്തിന്റെ കരട് പുറത്തിറങ്ങി.

‘ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021’ എന്ന പേരിലാണ് നിയമം തയാറാക്കിയത്. പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നത് ഇതുപ്രകാരം കുറ്റകരമാണ്. പശു മാംസം കൈവശം വെച്ചാലും നടപടിയെടുക്കും. ബീഫും ബീഫ് ഉല്‍പന്നങ്ങളും കൊണ്ടുപോകുന്ന വാഹനമടക്കം പിടികൂടുന്നതിനും ശിക്ഷ നടപടി സ്വീകരിക്കുന്നതിനും നിയമത്തില്‍ വകുപ്പുണ്ട്.

പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നും കരട് നിയമത്തില്‍ പറയുന്നു. പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ നിയമത്തിന്റെ കരട് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 28നകം ഇ മെയില്‍ വഴിയോ തപാലിലോ ആക്ഷേപങ്ങള്‍ അറിയിക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എ.ടി. ദാമോദര്‍ അറിയിച്ചു.