തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ പുതു അധ്യായം എഴുതിച്ചേര്‍ത്ത ലോ അക്കാദമി സമരത്തിന് ശുഭപര്യവസാനം. 29 ദിവസമായി തുടര്‍ന്നുവന്ന വിദ്യാര്‍ത്ഥി സമരം പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റിയതായി സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് അവസാനിപ്പിച്ചു. ഇതു സംബന്ധിച്ച് മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും സര്‍ക്കാറും പുതിയ കരാര്‍ ഒപ്പുവെച്ചു. സമരം അവസാനിച്ചതിനെ തുടര്‍ന്ന് കോളജ് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ഗവേണിങ് കൗണ്‍സില്‍ തീരുമാനപ്രകാരം ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റിയതായും സര്‍വകലാശാല നിയമം അനുസരിച്ച് യു.ജി.സി മാനദണ്ഡപ്രകാരം എല്ലാ യോഗ്യതകളുമുള്ള പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രിയും മാനേജ്‌മെന്റും വിദ്യാര്‍ത്ഥികള്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കി. കാലാവധി പ്രത്യേകം പറയാതെയാകും പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുക. മാനേജ്‌മെന്റ് ഈ തീരുമാനത്തില്‍നിന്ന് വ്യതിചലിക്കുകയോ പ്രിന്‍സിപ്പലിനെ മാറ്റുകയോ ചെയ്താല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും വിദ്യാഭ്യാസമന്ത്രി കൂടി ഒച്ചുവെച്ച കരാറില്‍ പറയുന്നു.
അതേസമയം, ലക്ഷ്മി നായര്‍ക്ക് അക്കാദമിയില്‍ അധ്യാപികയായി തുടരുന്നതിനുള്ള വിലക്ക് അഞ്ച് വര്‍ഷത്തേക്ക് മാത്രമാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. മന്ത്രി വി.എസ് സുനില്‍കുമാര്‍, ലോ അക്കാദമി ഡയരക്ടര്‍ എന്‍. നാരായണന്‍ നായര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസമന്ത്രി സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചത്.
പ്രിന്‍സിപ്പലായി ലക്ഷ്മി നായര്‍ ഇനി അക്കാദമിയിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് മാറ്റി എന്നാല്‍ മാറ്റി എന്നാണെന്നും മറ്റ് ചോദ്യങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. പുതിയ പ്രിന്‍സിപ്പലിനെ തേടി ലോ അക്കാദമി പത്രപ്പരസ്യം നല്‍കിയിരുന്നു. ആ സാഹചര്യവും ചര്‍ച്ചക്ക് അടിസ്ഥാനമായി. പത്രപ്പരസ്യത്തില്‍ പ്രിന്‍സിപ്പലിന്റെ യോഗ്യത സംബന്ധിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ മാനേജ്‌മെന്റ് നിലപാടില്‍ വ്യക്തതയില്ലെന്ന് ആരോപിച്ച് ചര്‍ച്ചക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ ബഹളംവെച്ചു.
ഇതോടെ സര്‍വകലാശാല നിര്‍ദേശിക്കുന്ന മാനദണ്ഡപ്രകാരമുള്ള പ്രിന്‍സിപ്പലിനെ നിയമിക്കുമെന്ന് ചെയര്‍മാന്‍ നാരായണന്‍ നായര്‍ വ്യക്തമാക്കി. ഇതോടെയാണ് സമരത്തില്‍നിന്ന് പിന്മാറാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാല്‍ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടന്നില്ല. നേരത്തെ മാനേജ്‌മെന്റുമായി ഒത്തുതീര്‍പ്പിലെത്തി സമരം അവസാനിപ്പിച്ച എസ്.എഫ്.ഐയും ഇന്നലെ നടന്ന ചര്‍ച്ചക്കെത്തിയിരുന്നു.
ഒരു മാസത്തോളമായി തുടരുന്ന വിദ്യാര്‍ത്ഥി സമരം കഴിഞ്ഞ ദിവസം കൂടുതല്‍ അക്രമാസക്തമാകുകയും ആത്മഹത്യാ ഭീഷണി അടക്കമുള്ളവയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സമവായമുണ്ടാക്കുന്നതിന് സര്‍ക്കാറും മാനേജ്‌മെന്റും തയാറായത്. സമരം അവസാനിപ്പിച്ചശേഷം വിദ്യാര്‍ത്ഥികള്‍ ആഹ്ലാദ പ്രകടനം നടത്തി. വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം പിന്‍വലിച്ചതോടെ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് എന്നിവര്‍ നടത്തിയ അനിശ്ചിതകാല നിരാഹര സമരവും അവസാനിപ്പിച്ചു.
Be the first to write a comment.