ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനാകുന്ന ചിത്രമാണ് കൂലി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അഡ്വാന്‍സ് ബുക്കിങ് തുടങ്ങിയിട്ട് 24 മണിക്കൂറിനുള്ളില്‍, കേരളത്തില്‍ മാത്രം 4 കോടിയിലധികം രൂപയുടെ ടിക്കറ്റുകള്‍ വിറ്റു. ബുക്ക് മൈ ഷോയിലൂടെ മൂന്നര ലക്ഷത്തിലധികം പേര്‍ ടിക്കറ്റുകള്‍ എടുത്തിട്ടുണ്ട്. ഇത്രയും വേഗത്തില്‍ ഒരു തമിഴ് സിനിമയ്ക്ക് ആദ്യമായാണ് ഇത്തരത്തിലുള്ള ബുക്കിങ് നടക്കുന്നത്. എങ്കിലും മോഹന്‍ലാലിന്റെ എമ്പുരാന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ കൂലിക്ക് കഴിഞ്ഞില്ല. ബുക്ക് മൈ ഷോയുടെ ആദ്യദിന ടിക്കറ്റുവില്‍പ്പനയില്‍ എമ്പുരാന്‍ 6.28 ലക്ഷം ടിക്കറ്റുകളുമായി ഒന്നാമതും കൂലി രണ്ടാം സ്ഥാനത്തുമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ കൂലിയുടെ ആകെ കളക്ഷന്‍ 45 കോടിയിലേക്ക് കടന്നിട്ടുണ്ട്. റിലീസിന് ഇനിയും ഒരാഴ്ച ബാക്കി നില്‍ക്കേ, 100 കോടി രൂപയോളം അഡ്വാന്‍സ് കളക്ഷന്‍ നേടുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ലോകേഷ് മുമ്പ് സംവിധാനം ചെയ്ത ലിയോ പ്രീ സെയിലിലൂടെ തന്നെ 100 കോടി കടന്നിരുന്നു. കൂലിയുടെ ആദ്യ പ്രദര്‍ശനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.01-നാണ് ആരംഭിക്കുന്നത്. കേരളത്തില്‍ രാവിലെ 6 മണി മുതലാണ് ഷോ തുടങ്ങുക. എച്ച്.എം. അസോസിയേറ്റ്‌സ് കേരളത്തിലേക്ക് ചിത്രം എത്തിക്കുന്നു. ആഗസ്റ്റ് 14ന് റിലീസ് ചെയ്യുന്ന ഈ സിനിമ സണ്‍ പിക്‌ചേഴ്സ് ബാനറില്‍ കലാനിധി മാരന്‍ നിര്‍മിച്ചതാണ്. ബോളിവുഡ് താരം ആമിര്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും, ഗിരീഷ് ഗംഗാധരന്‍ ക്യാമറയും, ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.