crime

ഭൂമി തര്‍ക്കം; എഎന്‍ഐ മാധ്യമപ്രവര്‍ത്തകന്‍ ദിലീപ് സൈനി കുത്തേറ്റ് മരിച്ചു

By webdesk17

October 31, 2024

ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് എഎന്‍ഐ മാധ്യമപ്രവര്‍ത്തകന്‍ ദിലീപ് സൈനി കുത്തേറ്റ് മരിച്ചു. ഫത്തേപൂര്‍ ജില്ലയിലെ ബിതോറ റോഡില്‍ സ്ഥിതി ചെയ്യുന്ന ബിസൗലിയിലാണ് സംഭവം.

സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ യുവാവിനെ കാണ്‍പൂരിലെ ഹാലെറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിസൗലി സ്വദേശിയായ സൈനി ഫത്തേപൂരിലെയും ലഖ്നൗവിലെയും നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്നു. സൈനി ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പം വീട്ടിലിരിക്കുമ്പോള്‍ ഒരു സംഘം പേര്‍ അതിക്രമിച്ചു കയറിയതായി പൊലീസ് പറഞ്ഞു. കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സൈനി മരിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകന്റെ വസതിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. സംഘത്തിലുണ്ടായിരുന്ന 16 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു.