kerala

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പേരില്‍ ആള് മാറി ജപ്തി; നടപടി റദ്ദാക്കി

By webdesk14

February 15, 2023

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമത്തിന്റെ നഷ്ടപരിഹാരം ഈടാക്കുന്നതിന് വേണ്ടി ആള് മാറി ജപ്തി ചെയ്ത നടപടി തഹസില്‍ദാര്‍ റദ്ദാക്കി. താലൂക്കില്‍ എടരിക്കോട് പഞ്ചായത്ത് അംഗം ചെട്ടിയാം തൊടി അഷ്‌റഫ്, ചെമ്മാട് സി കെ നഗര്‍ പള്ളിയാളി മൊയ്ദീന്‍ കുട്ടി എന്നിവരുടെ വീടും സ്ഥലവും ജപ്തി ചെയ്ത നടപടിയാണ് റദ്ദാക്കിയത്.

അഷ്‌റഫ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും മൊയ്ദീന്‍ കുട്ടി സുന്നി പ്രവര്‍ത്തകനുമാണ്. പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത തങ്ങളുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തതിനെതിരെ ഇരുവരും പരാതി നല്‍കിയിരുന്നു. ആഭ്യന്തര വകുപ്പ് നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടത് കൊണ്ടാണ് നടപടി എന്നാണ് പറഞ്ഞിരുന്നത്. പരാതിയെ തുടര്‍ന്ന് നടത്തിയ പുന പരിശോധനയില്‍ ആണ് ഇവര്‍ നിരപരാധികള്‍ ആണെന്ന് വ്യക്തമായത്.

ഇതേ തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ ജപ്തി നടപടി റദ്ദാക്കി ഉത്തരവിറക്കി. ഇന്ന് വില്ലേജ് ഓഫീസര്‍മാര്‍ ഇരുവര്‍ക്കും ഉത്തരവ് കൈമാറും. മാറാക്കാര, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ഇത്തരത്തില്‍ നടന്ന ജപ്തി നടപടി ഒഴിവാക്കിയിട്ടുണ്ട്.