കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം. മണ്ണിനടിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ വീണ്ടും മണ്ണിടിഞ്ഞ് വീണു. സ്ഥലത്ത് നിര്‍മാണത്തിന് സ്‌റ്റേ ഓര്‍ഡര്‍ ഉള്ളതായും, സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
സ്ഥലത്തെ അശാസ്ത്രീയ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസര്‍ക്ക് നാട്ടുകാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു നിര്‍മാണപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നത്. ഒരാളെ സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയിരുന്നു. നിസാരമായ പരിക്കുകളേറ്റ ഈ വ്യക്തിയാണ് മറ്റൊരാള്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി സംശയം പറഞ്ഞത്.