ന്യൂഡല്‍ഹി/പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് ബിഹാര്‍ സന്ദര്‍ശിക്കും. രണ്ടുദിവസത്തെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ വിവേക് ജോഷിയും എസ്. എസ്. സന്ധുവും ബിഹാറില്‍ തുടരും. സംസ്ഥാനത്തെ പോളിംഗ് ഉദ്യോഗസ്ഥരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിനും ഏഴ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കുമായി 425 നിരീക്ഷകരെയാണ് കമ്മീഷന്‍ നിയമിച്ചിരിക്കുന്നത്. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കിട്ടുണ്ട്.
243 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായിരിക്കും നടക്കുക എന്നാണ് സൂചന. നവംബര്‍ 22ന് ബിഹാര്‍ നിയമസഭയുടെ കാലാവധി അവസാനിക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് എന്‍ഡിഎയും മഹാസഖ്യവും തിരക്കിട്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അഴിമതി ആരോപണങ്ങളും വോട്ടര്‍ സ്വാധീന ശ്രമങ്ങളും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് പ്രതിപക്ഷം വിലയിരുത്തുമ്പോള്‍, സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ട പ്രഖ്യാപനങ്ങള്‍ വിജയത്തില്‍ നിര്‍ണായകമാകുമെന്ന് എന്‍ഡിഎ കണക്കുകൂട്ടുന്നു.