News

കാര്യവട്ടത്ത് അവസാന അവസരം; സഞ്ജുവിന് നിര്‍ണായക പരീക്ഷണം

By vismaya

January 30, 2026

തിരുവനന്തപുരം: ഇന്ത്യന്‍ ട്വന്റി 20 ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ മലയാളി താരം സഞ്ജു സാംസന് നിര്‍ണായക മത്സരമാണ് മുന്നിലുള്ളത്. ലോകകപ്പ് ടീമില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും, ഓരോ ഇന്നിങ്‌സും കടുത്ത വിലയിരുത്തലുകള്‍ക്ക് വിധേയമാകുന്ന അവസ്ഥയിലാണ് താരം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയില്‍ ചില സാങ്കേതിക ദൗര്‍ബല്യങ്ങള്‍ വ്യക്തമായതായി ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രീസിലേക്ക് ഇറങ്ങി ബാക്ക് ഫൂട്ടില്‍ നിന്ന് കൂടുതല്‍ കളിക്കാന്‍ ശ്രമിക്കുന്ന സമീപനമാണ് സഞ്ജു സ്വീകരിക്കുന്നത്. ഇത് ഷോര്‍ട്ട്, ഗുഡ് ലെങ്ത് പന്തുകള്‍ ജഡ്ജ് ചെയ്യാന്‍ സഹായിക്കുമെങ്കിലും, എക്സിക്യൂഷന്റെ അഭാവം വലിയ പ്രശ്‌നമായി മാറുന്നു.

ഗുവാഹത്തിയില്‍ മാറ്റ് ഹെന്റിയുടെയും വിശാഖപട്ടണത്ത് മിച്ചല്‍ സാന്ററിന്റെയും ഗുഡ് ലെങ്ത് പന്തുകളില്‍ ഒരേ രീതിയില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു സഞ്ജു. മൂന്ന് സ്റ്റമ്പും തുറന്നുകിട്ടുന്ന നിലപാട് ബൗളര്‍മാര്‍ പൂര്‍ണമായി ഉപയോഗിച്ചെന്നാണ് വിലയിരുത്തല്‍. സഞ്ജുവിന്റെ വിക്കറ്റിന് പിന്നാലെ, ‘there was no footwork at all’ എന്നായിരുന്നു മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ വിമര്‍ശനം.

ഇംഗ്ലണ്ടിനെതിരായ 2025 ജനുവരി ട്വന്റി 20 പരമ്പരയില്‍ അഞ്ചു മത്സരങ്ങളിലും ഷോര്‍ട്ട് ബോള്‍ അല്ലെങ്കില്‍ ഹാര്‍ഡ് ലെങ്ത് പന്തുകളിലാണ് സഞ്ജു പുറത്തായത്. ജോഫ്ര ആര്‍ച്ചര്‍, സാഖിബ് മഹമ്മൂദ്, മാര്‍ക്ക് വുഡ് തുടങ്ങിയ ബൗളര്‍മാര്‍ ഈ ദൗര്‍ബല്യം ഫലപ്രദമായി ഉപയോഗിച്ചു. ഇതേ തന്ത്രം ആഭ്യന്തര ക്രിക്കറ്റിലും ബൗളര്‍മാര്‍ ആവര്‍ത്തിക്കുന്നതായും കാണാം.

സ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ തുടരുന്ന സാഹചര്യത്തിലാണ് സഞ്ജുവിന്റെ അവസ്ഥ കൂടുതല്‍ സമ്മര്‍ദത്തിലാകുന്നത്. മറ്റ് താരങ്ങള്‍ക്കും ഫോം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, സഞ്ജുവിന്റെ ഓരോ ഇന്നിങ്‌സും സംഭാവനയായി അല്ല, ഒരു ട്രയലായി വിലയിരുത്തപ്പെടുന്ന സാഹചര്യമാണുള്ളത്.

ഇപ്പോള്‍, തിരുവനന്തപുരമാണ് ലോകകപ്പിന് മുമ്പുള്ള അവസാന അവസരം. സ്വന്തം മണ്ണില്‍ ഒരു നിര്‍ണായക ഇന്നിങ്‌സ് എല്ലാം മാറ്റിമറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ട്വന്റി 20 ക്രിക്കറ്റ് അണ്‍പ്രെഡിക്റ്റബിളാണെന്നതിനാല്‍, ഒരൊറ്റ ബിഗ് ഇന്നിങ്‌സ് സഞ്ജുവിന്റെ കഥ തന്നെ മാറ്റിയെഴുതാന്‍ മതിയാകുമെന്നാണ് വിലയിരുത്തല്‍.