മലയാളിയെ നിറചിരിയുടെ മാത്രമല്ല, നിത്യ ചിന്തയുടെയും ആഴങ്ങളിലേക്ക് കൈപിടിച്ചു നടത്തിയാണ് സലിം കുമാര്‍ എന്ന മഹാ നടന്‍ വിടവാങ്ങുന്നത്. തന്റെ ചിരിക്കു പിന്നിലെ കരച്ചിലിന്റെയും സങ്കടത്തിന്റെയും പിന്നാമ്പുറങ്ങളെ നിരന്തരമായി അനാവരണം ചെയ്ത് അതുവഴി ചിന്തകളുടെ തീപ്പൊരികള്‍ അദ്ദേഹം സമൂഹത്തിന് സമര്‍പ്പിച്ചുകൊണ്ടേയിരുന്നു. അയാം ദി സോറി അളിയാ… അയാം ദി സോറി, ഇനിയെങ്ങാനും ശെരിക്കും ബിരിയാണി കൊടുത്താലോ, നമ്മള്‍ നാലുപേരുമല്ലാതെ മൂന്നാമതൊരാള്‍ ഇതറിയരുത് … എന്നെല്ലാം പറഞ്ഞ അതേനാക്കകൊണ്ടുതന്നെയാണ് ‘നല്ല മനുഷ്യരെ എപ്പോഴും ഇഷ്ടമാണ്. നല്ല മനുഷ്യരില്ല ഇപ്പോള്‍, അതാണ് പ്രശ്‌നം. അവനവന്റെ കാര്യങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന മനുഷ്യരായി മാറി കഴിഞ്ഞിരിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞുവെച്ചത്. അതുകൊണ്ടുതന്നെ സലിംകുമാറിന്റെ കഥാപാത്രങ്ങളെ ഓര്‍ത്തോര്‍ത്തു ചിരിക്കുന്ന മലയാളി അതിലെപ്പോഴും ഒരു കണ്ണുനീരിന്റെ നനവുകൂടി ബാക്കി വെച്ചുകൊണ്ടിരുന്നു. ഏതൊരു കലാകാരനെയുമെന്ന പോലെ അനുഭവങ്ങളുടെ തീച്ചൂളയാണ് സലിംകുമാര്‍ എന്ന മഹാനടനെയും മലയാളിക്ക് സമ്മാനിച്ചത്. താന്‍ അതിജീവിച്ച പ്രതിസന്ധികളുടെ തീക്ഷ്ണാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെക്കുമ്പോള്‍ ഒരായിരംപേര്‍ക്ക് അത് പ്രചോദനത്തിന്റെ മഹാഗാഥയായിത്തീരുകയായിരുന്നു. എഴുത്തുകാരാനാകാനും അഭിനേതാവാനുമൊക്കെയുള്ള ആഗ്രഹങ്ങളെ മുളയിലേ നുള്ളപ്പെട്ടുവെങ്കിലും ആരെങ്കിലുമൊക്കെയാകണമെന്നുള്ള അത്യാഗ്രഹത്തെ വകഞ്ഞുമാറ്റാന്‍ തിക്താനുഭവങ്ങള്‍ക്കോ, ജീവിത പ്രാബ്ധങ്ങള്‍ക്കോ സാധിച്ചില്ല. ഇച്ഛാശക്തിക്കുമുന്നില്‍ പ്രതിബന്ധങ്ങള്‍ ഒന്നൊന്നായി തോല്‍വി സമ്മതിച്ചപ്പോള്‍ കുട്ടിക്കാലത്ത് ആവാന്‍ ആഗ്രഹിച്ചതെല്ലാം പില്‍ക്കാലത്ത് ആയിത്തീര്‍ന്നതാണ് സലിംകുമാറിന്റെ ആത്മകഥ. കോളജ് പഠനകാലത്ത് കൂടെകൊണ്ടുനടന്ന മിമിക്രി, കൊച്ചിന്‍ കലാഭവനിലേക്കും സാഗറിലേക്കുമെല്ലാം സലിമിനെ കുട്ടിക്കൊണ്ടുപോയി. ഉറ്റസുഹൃത്തായ നാദിര്‍ഷയാണ് സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആദ്യ ചിത്രം. ശേഷം കരിയറിലുട നീളം കോമഡി കഥാപാത്രങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രേക്ഷകരെ ആര്‍ത്തുചിരിപ്പിച്ചു. എന്നാല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ സാമുവലിലേക്കുള്ള വേഷപ്പകര്‍ച്ച സലിം കുമാറിലെ അഭിനയ പ്രതിഭയുടെ ആഴം തെളിയിക്കുന്നതായിരുന്നു. 2006ല്‍ പുറത്തിറങ്ങിയ ചിത്രത്തിലുടെ ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം സലിംകുമാറിനെ തേടിയെത്തി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സലിം അഹ്‌മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു എന്ന ചിത്രം അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തിന്റെ വിസ്മയകരമായ അടയാളപ്പെടുത്തലായിരുന്നു. അര്‍ഹതക്കുള്ള അംഗീകാരമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ആ സിനിമയിലൂടെ അദ്ദേഹത്തിനൊപ്പം ചേര്‍ന്നുനിന്നു. ഹാസ്യനടന്‍മാരുടെ കള്ളിയില്‍ ഒതുക്കിനിര്‍ത്തപ്പെട്ട ഇന്ദ്രന്‍സും സുരാജ് വെഞ്ഞാറമൂടുമെല്ലാം അതിശയകരമായ അഭിനയത്തിലൂടെ ദേശീയ അവാര്‍ഡില്‍ മുത്തംവെക്കുമ്പോള്‍ സലീംകുമാര്‍ തുറന്നിട്ട വാതില്‍ ആ നേട്ടങ്ങള്‍ക്കെല്ലാം പ്രചോദനമായിത്തീരുകയായിരുന്നു. മൂന്നു മികച്ച സിനിമകളും അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. മികച്ച നടന്‍ എന്നതിനൊപ്പം സാമൂഹ്യരാഷ്ട്രീയ വിഷയങ്ങളില്‍ ശക്തമായ നിലപാടുകളുള്ള, അത് മറയില്ലാതെ പ്രകടിപ്പിക്കുന്ന വ്യക്തിയായിരുന്നു സലിം കുമാര്‍. പലപ്പോഴും പലകാരണങ്ങളാല്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ തങ്ങളുടെ നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ മടിച്ചപ്പോള്‍, അദ്ദേഹം അത് ഉറക്കെ പറഞ്ഞു. സാമൂഹ്യരാഷ്ട്രീയ വിമര്‍ശനങ്ങള്‍ മാത്രമല്ല, സിനിമാരംഗത്തെ നീതികേടുകളും അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞു. അതിന്റെയൊക്കെ പേരില്‍ ആ അഭിനയ പ്രതിഭക്ക് വിമര്‍ശനങ്ങളും തിരസ്‌കാരങ്ങളും നേരിടേണ്ടിവന്നു. കലാ ജീവിതത്തിന്റെ തുടക്കം മുതല്‍തന്നെ കോണ്‍ഗ്രസ് അനുഭാവിയാണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കൂടാതെ, വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് അനുകൂല നിലപാടുകള്‍ പരസ്യമായി സ്വീകരിച്ചിട്ടുമുണ്ട്. രാഷ്ട്രീയ നിലപാട് തുറന്നുപറയാന്‍ ഒരു ഭയവുമില്ലെന്നും രാഷ്ട്രീയ സ്വത്വം മറച്ചുവെക്കുന്നത് സമൂഹത്തോടുള്ള വലിയ ചതിയാണെന്നുമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ള നിലപാട്. കലാകാരന്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത് ശത്രുത മൂലമല്ലെന്നും ജനാധിപത്യപരമായ സ്വാതന്ത്ര്യത്തെ വിനിയോഗിക്കാനാണെന്നും അദ്ദേഹം കരുതി.
കഥയെഴുതുന്നതുപോലെയോ സിനിമ സംവിധാനം ചെയ്യുന്നതുപോലെയോ അതിലേറെയോ സര്‍ഗാത്മകമാണ് കൃഷി എന്ന് അദ്ദേഹം വിശ്വസിച്ചു. കൃഷിയുടെ ഇടനിലയില്‍ പ്രകൃതിയും മനുഷ്യനും തമ്മില്‍ രൂപപ്പെടുന്ന ഉലയാത്ത ബന്ധത്തെപ്പറ്റി തന്റെ അനുഭവ കഥകളും അദ്ദേഹം നര്‍മത്തില്‍ ചാലിച്ച് ഒട്ടേറെ വേദികളില്‍ പങ്കുവെക്കുകയുണ്ടായി. ‘കൃഷി ചെയ്ത് ആര്‍ക്കും ടാറ്റയോ ബിര്‍ളയോ അംബാനിയോ ആകാനാകില്ല. പക്ഷേ, സംതൃപ്തിയുടെ കാര്യത്തില്‍ കൃഷി നമ്മെ കോടീശ്വരനാക്കും. വിത്ത് നാമ്പിട്ട് ഇലയും പൂവും കായുമാകുന്നതു കണ്ടുനില്‍ക്കുമ്പോള്‍ പ്രകൃതിയെ കോടീശ്വരനാക്കും. വിത്ത് നാമ്പിട്ട് ഇലയും പൂവും കായുമാകുന്നതു കണ്ടുനില്‍ക്കുമ്പോള്‍ പ്രകൃതിയെ തൊട്ടറിയുന്നതിന്റെ അടങ്ങത്ത ആനന്ദം ഹൃദയത്തില്‍ പന്തലിക്കും. ലോകത്ത് മറ്റൊന്നിനും അത് നല്‍ കാനാവില്ല’. കൃഷിയെ നെഞ്ചോട് ചേര്‍ത്തുവെച്ച ഈ കാര്‍ഷിക തത്വം സ്വന്തം ജീവിത ദര്‍ശനം തന്നെയായിരുന്നു. ജീവിതത്തിന്റെ അവസനാനാളുകളില്‍ മരണത്തെക്കുറിച്ച് അദ്ദേഹം കോറിയിട്ട വാക്കുകള്‍ ഓരോമലയാളിയുടെയും ഉള്ളില്‍ തട്ടുന്നതയായിരുന്നു.
‘ആയുസിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തില്‍ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതില്‍ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടര്‍ന്നേ പറ്റൂ. എന്റെ വഞ്ചിയില്‍ ആണെങ്കില്‍ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാന്‍ യാത്ര തുടരുകയാണ്. എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാന്‍ പറ്റും എന്നറിയില്ല എന്നാലും ഞാന്‍ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിര്‍വാദങ്ങളും ഉണ്ടാകണം. സ്‌നേഹപൂര്‍വ്വം നിങ്ങളുടെ സലിംകുമാര്‍’ എന്നായിരുന്നു ആ വാക്കുകള്‍, സജീവ സിനിമയില്‍ നിന്ന് അകന്നു നിന്നപ്പോള്‍ പോലും സലിംകുമാര്‍ എന്ന നടന്റെ സാന്നിധ്യം മലയാളിയുടെ സോഷ്യല്‍ മീഡിയ ഇടങ്ങളും സ്വീകരണ മുറികളും കൊണ്ട് അലങ്കരിക്കപ്പെട്ടുകിടക്കുകയായിരുന്നു. അത് ഇനിയും തുടരും എന്നത് അവിതര്‍ക്കിതമാണ്. ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ മാത്രമല്ല, സ്വീകരിച്ച നിലപാടുകളിലൂടെയും അദ്ദേഹം എന്നെന്നും മലയാളിയുടെ മനോരഥങ്ങളില്‍ മായാതെ നിലകൊള്ളും.