india

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; കോളേജ് സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

By webdesk17

June 28, 2025

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്യാമ്പസ് സെക്യൂരിറ്റി ഗാര്‍ഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ നാലാമത്തെ അറസ്റ്റാണിത്.

സൗത്ത് 24 പര്‍ഗാനാസില്‍ നിന്നുള്ള 24 കാരിയായ നിയമ വിദ്യാര്‍ത്ഥിനി ബുധനാഴ്ച വൈകുന്നേരം തന്റെ കോളേജിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ മുറിയില്‍ വെച്ച് ഒന്നിലധികം വ്യക്തികള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ആക്രമണത്തിന് മുമ്പ് തനിക്ക് ഒരു പ്രധാന വിദ്യാര്‍ത്ഥി യൂണിയന്‍ പോസ്റ്റ് വാഗ്ദാനം ചെയ്തതായി അവര്‍ പോലീസിനോട് പറഞ്ഞു.

വ്യാഴാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു – മുന്‍ വിദ്യാര്‍ത്ഥിയും ഇപ്പോള്‍ അഡ്-ഹോക്ക് സ്റ്റാഫറുമായ മനോജിത് മിശ്ര; നിലവിലെ രണ്ട് വിദ്യാര്‍ത്ഥികളായ പ്രമിത് മുഖര്‍ജി, സായിബ് അഹമ്മദ് എന്നിവര്‍. സംഭവത്തിന്റെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിച്ചതായും യുവതി പരാതിയില്‍ പറഞ്ഞു.

കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധന നടത്തിയതായും സാക്ഷികളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയിന്റ് പോലീസ് കമ്മീഷണര്‍ (ക്രൈം & ട്രാഫിക്), സൗത്ത് സബര്‍ബന്‍ ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച കോളേജ് സന്ദര്‍ശിച്ചു.