ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്‌ലിംകളെ പാകിസ്താനികളെന്ന് വിളിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്നും ഉവൈസി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

മുസ്‌ലിംകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ മൂന്ന് വര്‍ഷം തടവുശിക്ഷ നല്‍കണം. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണം ഇത്തരത്തിലുള്ള പരാമര്‍ശങ്ങളാണ്. അവര്‍ക്കെതിരെ കര്‍ശന നടപടി കൊണ്ടുവരണമെന്നും ഉവൈസി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മതന്യൂനപക്ഷ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ എടുക്കണെമെന്നും ആവശ്യപ്പെട്ട ഉവൈസി മുസ്‌ലിംകള്‍ രാജ്യത്ത് വരുത്തന്‍മാരാണെന്ന തോന്നലാണ് ഇപ്പോഴുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. മുത്തലാഖ് ബില്‍ സ്ത്രീ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഉവൈസി പറഞ്ഞു.