kerala

‘എല്‍ഡിഎഫ് 3.0 പ്രചാരണം യുഡിഎഫിന് ഗുണമാകും’; ജനം മാറ്റം ആഗ്രഹിക്കുന്നുവെന്ന് ഷാഫി പറമ്പില്‍

By Lubna Sherin K P

January 31, 2026

കൊച്ചി: ഇടതുമുന്നണി ഉയര്‍ത്തുന്ന ‘എല്‍ഡിഎഫ് 3.0’ എന്ന പ്രചാരണം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമാകുമെന്ന് വടകര എം.പി ഷാഫി പറമ്പില്‍. ഇത്തരം പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ യുഡിഎഫിനൊപ്പം അണിനിരക്കുമെന്നും ഷാഫി പറഞ്ഞു. കൊച്ചിയില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചറി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഫലം. എല്‍ഡിഎഫിന് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ജനവികാരം സര്‍ക്കാരിന് എതിരാണെന്ന് കാണിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ കൊണ്ട് മാത്രം നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി മാറ്റാന്‍ കഴിയില്ല. യുവതലമുറയ്ക്ക് നാട്ടില്‍ തന്നെ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഷാഫി കുറ്റപ്പെടുത്തി. ജനങ്ങള്‍ സര്‍ക്കാരിന്റെ പി.ആര്‍ വര്‍ക്കുകള്‍ തിരിച്ചറിയുന്നുണ്ടെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.