Culture

കൊല്ലത്ത് വോട്ടിന് പകരം നോട്ട് കൊടുക്കാന്‍ സി.പി.എം ശ്രമമെന്ന്; വാഹനപരിശോധന കര്‍ശനമാക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം

By chandrika

April 20, 2019

കൊല്ലത്ത് ഇവന്‍്‌റ് മാനേജ്‌മെന്റ് വഴി വോട്ടര്‍മാര്‍ക്ക് പണം എത്തിക്കാന്‍ എല്‍ഡിഎഫ് ശ്രമം നടത്തുന്നതായി പരാതിയുമായി യുഡിഎഫ് നേതാക്കള്‍. യുഡിഎഫ് പരാതിയെത്തുടര്‍ന്ന് കൊല്ലത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ കൊല്ലം കളക്ടറുടെ നിര്‍ദ്ദേശിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ പരിശോധനക്കായി കൂടുതല്‍ സ്‌ക്വാഡുകളെ നിയോഗിച്ചു.

ഇവന്‍്‌റ് മാനേജ്‌മെന്റ് കമ്പനി വഴി വോട്ടര്‍മാക്കിടയില്‍ എല്‍ഡിഎഫ് പണം വിതരണം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഒരു എംഎല്‍എയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ഗൂഢാലോചന നടന്നതെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കണ്‍വീനറും ജില്ലാ വരണാധികാരി, പോലീസ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി സി.പി.എം ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ഏല്‍പിച്ച് വോട്ടിന് നോട്ട് വിതരണം ചെയ്യുന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പാര്‍ട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുകയും ഇവന്റ് മാനേജുമെന്റുകാര്‍ പണം വിതരണം ചെയ്യുകയുമാണ്. പല മണ്ഡലങ്ങളിലും ഈ രീതി പയറ്റുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വോട്ടര്‍മാരെ പണം കൊടുത്തും മറ്റും സ്വാധീനിക്കാന്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ വരെ സി.പി.എം രംഗത്തിറക്കുന്നത് അവരുടെ പരാജയഭീതിയുടെ ആഴം വ്യക്തമാക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏഴു ദശാബ്ദത്തിലധികമായി നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തിന് ഇതു മാരകമായ പ്രഹരം ഏല്‍പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.