Features
സൈന്യത്തെ വെറുതെ വിടൂ-എഡിറ്റോറിയല്‍
ചുരുക്കത്തില്‍ കാവിവല്കരണത്തിന്റെ സൈനികപതിപ്പായി ഇതിനെ സംശയിച്ചാല്‍ തെറ്റു പറയാനാവില്ല. പ്രതിവര്‍ഷം രണ്ടുകോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ക്ക് 12 കോടി തൊഴില്‍കൂടി നഷ്ടപ്പെടുത്താനായെങ്കില്‍, ഒന്നര വര്‍ഷംകൊണ്ട് 10 ലക്ഷം തൊഴിലെന്നതിനെയും 2024ലേക്കുള്ള കണ്കെട്ടു വിദ്യയായേ കാണാനാകൂ.
അതിര്‍ത്തി കാക്കുന്ന സൈന്യത്തിന്റെ ആത്മവീര്യമാണ് ഒരു രാജ്യത്തിന്റെ അഖണ്ഡതയും അസ്തിത്വവും നിശ്ചയിക്കുന്നത്. ഏഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ജനസംഖ്യാരാഷ്ട്രവുമായ ഇന്ത്യയുടെ അഭിമാനമാണ് അതിന്റെ സൈന്യം. സൈനികന്റെ ആത്മബലമാണ് ഓരോപൗരന്റെയും കരുത്ത്. രാജ്യത്തെ ഏതാണ്ടെല്ലാമേഖലകളെയും കരാര്‍ വല്‍കരണത്തിലേക്കും സ്വകാര്യവല്‍കരണത്തിലേക്കും കൊണ്ടുപോയപ്പോഴും ഇന്ത്യന്‍ സൈനികരംഗം അതിന്റെ അസ്തിത്വവും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുകയാണിന്നും. എന്നാല്‍ ഇക്കഴിഞ്ഞ ജൂണ്‍ 14ന് നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയൊരു പ്രഖ്യാപനം രാജ്യത്തെ സൈന്യത്തിന്റെ ആത്മവീര്യത്തെ തകര്‍ക്കുന്നതായിപ്പോയെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ‘അഗ്നിപഥ്’ പദ്ധതി പ്രകാരമായിരിക്കും കര, വ്യോമ, നാവിക സേനകളിലേക്ക് ഇനിമുതല്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുക. പത്താം ക്ലാസ് പാസായതും പതിനേഴര മുതല്‍ 21 വരെ പ്രായമുള്ളതുമായ യുവാക്കളെ പദ്ധതിയനുസരിച്ച് നാലു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാകും നിയമിക്കുക. പ്രതിമാസം 30,000 മുതല്‍ 40,000 വരെ രൂപ വേതനം നല്‍കും. ഇതില്‍നിന്ന് സര്‍ക്കാരിന്റേതടക്കം നിശ്ചിത വിഹിതം പിടിച്ചെടുത്ത് പിരിയുമ്പോള്‍ 11. 71 ലക്ഷം രൂപ മൊത്തമായി നല്‍കും. സേവന കാലാവധിക്കുള്ളില്‍ പത്താം തരക്കാരാണെങ്കില്‍ പ്ലസ്ടുവും പ്ലസ്ടുക്കാര്‍ക്ക് ബിരുദവും വിവിധ ഏജന്‍സികളുമായി സഹകരിച്ച് നല്‍കും. നാലു വര്‍ഷത്തിനുശേഷം പുറത്തിറങ്ങുന്ന യുവാവിന് പൊലീസിലും പൊതുമേഖലാസ്ഥാപനങ്ങളിലും തൊഴില്‍ സംവരണം അനുവദിക്കും. വര്‍ഷം 46,000 പേരില്‍ 25 ശതമാനം പേരെ മാത്രമാണ് സ്ഥിരമായി നിയമിക്കുക. ശമ്പള-പെന്ഷന് ഇനത്തിലെ ലാഭമാണത്രെ സര്‍ക്കാരിന്റെ ലക്ഷ്യങ്ങളിലൊന്ന്.
നല്ലൊരു തൊഴില്‍ ദാന-സൈനിക പദ്ധതിയായി ആദ്യകേള്‍വിയില്‍ തോന്നുമെങ്കിലും ഇതിനകത്ത് പതിയിരിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൈന്യത്തില്‍നിന്ന് വിരമിച്ച പ്രഗല്ഭ വ്യക്തിത്വങ്ങള്‍തന്നെ ചൂണ്ടിക്കാട്ടിക്കഴിഞ്ഞിട്ടുണ്ട്. വളരെയധികം ആലോചിച്ച് മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നും അല്ലെങ്കിലത് സൈന്യത്തിന്റെ പ്രൊഫഷണലിസം നഷ്ടപ്പെടുത്തുമെന്നും മേജര്‍ ജനറല്‍ (റിട്ട.) ജി.ഡി ബക്ഷി ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിന് സമാന്തരമായി പദ്ധതി നടപ്പാക്കണമെന്ന് വാദിക്കുന്ന പ്രമുഖരെയും കണ്ടു. ഏറ്റവും വലിയ വിമര്‍ശനം പദ്ധതി മറ്റെന്തിനേക്കാളുപരി സൈന്യത്തിന്റെ അനിവാര്യമായ ശേഷിയും സൈനികരുടെ ആത്മവീര്യവും തകര്‍ക്കുമെന്നതാണ്. പ്രമുഖ സംവിധായകന്‍കൂടിയായ റിട്ട. മേജര്‍രവിയും പദ്ധതി സൈന്യത്തിന്റെ കാര്യശേഷിയെ ഗുരുതരമായി ബാധിക്കുമെന്നാണ് വ്യക്തമാക്കുന്നത്. പദ്ധതിയില്‍ അംഗമാകുന്ന യുവാവിന് പരിശീലനവും അവധിയും കഴിഞ്ഞാല്‍ ലഭിക്കുന്ന മൂന്നു വര്‍ഷത്തെ സൈനിക സേവനംകൊണ്ട് യുദ്ധമുഖത്ത് ചെന്നാലത്തെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാനേ ആവില്ലെന്ന് അദ്ദേഹം പറയുന്നു. നിരന്തരം അതിര്‍ത്തി ഭീഷണി നേരിടുന്ന ഇന്ത്യയെ സംബന്ധിച്ച് ഈ വാദങ്ങള്‍ കണക്കെടുക്കാതിരിക്കാനാവില്ലതന്നെ.
പ്രഖ്യാപിച്ചയുടന്‍തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും യുവാക്കള്‍ പദ്ധതിക്കെതിരെ അക്രമാസക്തരായി രംഗത്തുവന്നത് രാജ്യത്തെ ഭരണാധികാരികളെ തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ്. അടുത്ത കാലത്ത് കര്‍ഷകസമരത്തില്‍ കണ്ട പ്രക്ഷോഭ രീതിക്കും ഉപരിയായ അക്രമശൈലിയാണ് ഇതില്‍ കാണുന്നത്. ട്രെയിനുകളും റെയില്‍വെസ്റ്റേഷനുകളും പൊതുസ്ഥാപനങ്ങളും തീവെച്ചുള്ള സമരമാണ് ഉത്തരേന്ത്യയില്‍ പലയിടത്തും നടക്കുന്നത്. ബി. ജെ.പിക്ക് സ്വാധീനശേഷിയുള്ള യു.പി, ബീഹാര്‍, ഹരിയാന, തെലുങ്കാന തുടങ്ങി പത്തോളം സംസ്ഥാനങ്ങളില്‍ പ്രതിഷേധം അലയടിക്കുകയാണ്. സെക്കന്തരാബാദില്‍ യുവാവ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അഗ്നിവീര്‍ പദ്ധതിയെ അഗ്നികൊണ്ടാണ് തൊഴിലില്ലാപ്പട നേരിടുന്നത്. പ്രധാന രാഷ്ട്രീയകക്ഷികളുടെയൊന്നും പിന്തുണയില്ലാതെയാണ് ഇത്തരത്തിലൊരു പ്രക്ഷോഭം രാജ്യത്ത് അലയടിക്കുന്നത്. ഇതില്‍നിന്ന് പാഠം പഠിക്കുന്നില്ലെന്ന് മാത്രമല്ല, പദ്ധതിയുടെ ഗുണവശങ്ങള്‍ വാതോരാതെ പ്രസംഗിച്ചുനടക്കുകയാണ് സര്‍ക്കാരും സൈനിക മേധാവികളും. ഏതായാലും സര്‍ക്കാര്‍ ഒന്നനങ്ങിയെന്നതിന് തെളിവാണ് പരമാവധി പ്രായം 21ല്‍നിന്ന് 23 ആക്കിയുയര്‍ത്തിയത്. എന്നാല്‍ അപ്പോഴും 23 കഴിഞ്ഞ് ജീവിതത്തിന്റെ നല്ല കാലത്ത് തൊഴിലില്ലാപ്പടയിലൊരംഗമായി മാറുന്ന യുവാവിനെ സംബന്ധിച്ച് ഇതൊട്ടും പ്രോല്‍സാഹനജനകമല്ല.
കോവിഡിന്റെ പേരു പറഞ്ഞ് രണ്ടു കൊല്ലമായി നിര്‍ത്തിവെച്ചിരുന്ന സേനാറിക്രൂട്ട്മെന്റ് ഉടന്‍ പുനരാരംഭിക്കുമെന്ന പ്രത്യാശയില്‍ വേഴാമ്പലിനെപോലെ കാത്തിരുന്ന ഉദ്യോഗാര്‍ഥിയുടെ ശിരസിനാണ് മോദി സര്‍ക്കാര്‍ ‘അഗ്നിപഥ’ത്തിന്റെ ഇടിത്തീ എറിഞ്ഞിരിക്കുന്നത്. പുറത്തുവരുന്ന ‘അഗ്നിവീറു’കള്‍ ഭാവിയില്‍ തീവ്രവാദ സംഘടനകളില്‍ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതയും നിഷേധിക്കാനാവില്ല. നാഗ്പൂരില്‍ നിന്നുത്ഭവിച്ച ആശയമാണിതെന്നും ആര്.എസ്.എസിന് സൗജന്യ പരിശീലനം നല്‍കലാണ് ലക്ഷ്യമെന്നുമുള്ള ആരോപണങ്ങളെയും പ്രതിരോധിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ചുരുക്കത്തില്‍ കാവിവല്കരണത്തിന്റെ സൈനികപതിപ്പായി ഇതിനെ സംശയിച്ചാല്‍ തെറ്റു പറയാനാവില്ല. പ്രതിവര്‍ഷം രണ്ടുകോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ക്ക് 12 കോടി തൊഴില്‍കൂടി നഷ്ടപ്പെടുത്താനായെങ്കില്‍, ഒന്നര വര്‍ഷംകൊണ്ട് 10 ലക്ഷം തൊഴിലെന്നതിനെയും 2024ലേക്കുള്ള കണ്കെട്ടു വിദ്യയായേ കാണാനാകൂ.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
Features
ചരിത്ര പ്രസിദ്ധമായ വെള്ളിയാങ്കല്ലും കാവലായി ലൈറ്റ് ഹൗസും
സാമൂതിരിയുടെ നാവിക പടതലവനായ ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടത്തിന്റെ കഥ.
പി.കെ മുഹമ്മദലി
കോഴിക്കോട് ജില്ലയിലെ തിക്കോടി കോടിക്കൽ തീരത്ത് നിന്ന് ഏഴ് കീലോമീറ്ററോളം അകലെ അറബികടലിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വെള്ളിയാം കല്ല്. പരന്ന് കിടക്കുന്ന മഹാ സമുദ്രത്തിന്റെ നീലിമയിൽ വെട്ടിതിളങ്ങി നിൽക്കുന്ന പാറകളുടെ പവിഴ ദീപായ വെള്ളിയാംകല്ലിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. സാമൂതിരിയുടെ നാവിക പടതലവനായ ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടത്തിന്റെ കഥ…വഴിമാറിയെത്തിയ നിരവധി വിദേശ കപ്പലുകൾ ഇടിച്ച് തരിപ്പണമായ സ്ഥലം…പറങ്കിപ്പട കരയിൽ നിന്ന് പിടിച്ചു കൊണ്ടുപോയ ആയിഷ എന്ന പെൺകുടിയുടെ കഥ ഇങ്ങനെ ഇന്ത്യയുടെ ചരിത്രം .
ഒരുപാട് യുദ്ധങ്ങളുടെ ഓർമ്മകൾ പറയാനുണ്ട് വെള്ളിയാം കല്ലിന്. ഇന്നു വരെ പേര് പോലും കണ്ടെത്താനാവാത്ത ദേശാടന പറവകളുടെയും വൻകരാനന്തര സഞ്ചാരികളായ അനേകായിരം പക്ഷികളുടെ വിശ്രമ കേന്ദ്രവും കൂടിയാണ് നടുക്കലിൽ ഉയർന്ന് നിൽക്കുന്നഈ വിശാലമായ പാറ.പക്ഷികളുടെ വിസർജ്യത്താലാണ് വെള്ളനിറമായി ഈ പാറ മാറിയതും വെള്ളിയാം കല്ല് എന്ന് പേര് വരാനുള്ള കാരണം.
ഇസ്ലാമിക ചരിത്രത്തിലും ഹിന്ദു പുരാണത്തിലുമെല്ലാം വെള്ളിയാംകല്ലിനെ കുറിച്ച് പ്രതിപാതിച്ചിട്ടുണ്ട്. ആദം നബിയുടെ കാൽപാതം പതിഞ്ഞ സ്ഥലമാണെന്നും മുക്കുവൻ മാരുടെ വിശ്വാസങ്ങളിൽ വെള്ളിയാംകല്ലിന് പ്രത്യാക സ്ഥാനമുണ്ട് നിരവധി ക്ഷേത്രങ്ങളിൽ ദേവീചൈതന്യം വെള്ളിയാങ്കല്ലിൽ നിന്ന് എത്തിയതാണെന്നുള്ള ഐതിഹ്യം ഉണ്ട്. വെള്ളിയാം കല്ലിലേക്ക് പോകുന്നവർ പ്രത്യാകം പ്രാർത്ഥന നടത്തണമെന്നും ശരീരം ശുദ്ധികരിക്കാതെ ഈ പാറയിൽ കയറരുതെന്നും ഇവരുടെ മത വിശ്വാസത്തിൽ പറയുന്നുണ്ട്.
സാമൂതിരിയുടെ നാവികപ്പടത്തലവൻ ധീര ദേശാഭീമാനി കോട്ടക്കൽ കുഞ്ഞാലി മരക്കാരുടെ ധീരതയുടെയും പോരാട്ട വീര്യത്തിന്റെയും ചുടുചോരയും പീരങ്കിയുണ്ടകളേറ്റ പാടുകളും ഇന്ന് വെള്ളിയാംകല്ലിനുണ്ട്. കുഞ്ഞാലിമരക്കാറും നാവികപ്പടയും കടലിന്റെ കണ്ണെത്താ ദൂരത്ത് നിന്ന് വരുന്ന ശ്രത്രുക്കളെ നേരിട്ടെത് വെള്ളിയാം കല്ലിൽവെച്ചാണ്. പറങ്കിപ്പട കരയിൽ നിന്ന് പിടിച്ചുകൊണ്ടുപോയ ആയിഷ എന്ന പെൺകുട്ടിയെ വെള്ളിയാം കല്ലിൽ വെച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു പട്ടാളക്കാരൻ അവളെ രക്ഷിക്കുകയും ബലാൽസംഗം ചെയ്യാൻ ശ്രമിച്ച പറങ്കികളെ കൊന്നുകളയുകയും ഇവിടുന്ന് ചെയ്തിട്ടുണ്ട്.
ഈ സംഭവം പോർച്ചുഗീസ് പ്രണയകാവ്യാമായി പ്രചരിച്ചിരുന്നു.1507 മുതൽ 1600 വരെ ഏകദേശം ഒരു നൂറ്റാണ്ട് മുഴുവനും കുഞ്ഞാലിമരക്കാറും നാവികസൈന്യാധിപൻമാരും പോർച്ചുഗീസ് ശക്തികളെ തുരത്താൻ കാവൽ നിന്നത് ഈ പാറകളുടെ ഒളിവിലാണ്. ഒരൊറ്റ ശീലാഖണ്ഡമല്ല വെള്ളിയാം കല്ല് .ഭീമാകാരൻ പാറക്കെട്ടുകൾ അതിൻ മേൽ ഏതാനും പടുകൂറ്റൻ പാറകൾ ദൂരേ നിന്ന് നോക്കുമ്പോൾ വശം ചരിഞ്ഞ് നീണ്ട് നിവർന്നു കിടക്കുന്ന മനുഷ്യ രൂപത്തെ ഓർമ്മിപ്പിക്കുന്ന വലിയ പാറക്കല്ലുകൾ.വെള്ളിയാം കല്ലിന്റെ തെക്ക് വശത്ത് പാറയുടെ മുകളിൽ ഭയം വിതക്കുന്ന രീതിയിൽ ആരോ എടുത്ത് വെച്ചത് പോലെ കാണുന്ന പാറക്കല്ലിന് പണ്ട് മുതലെ നാട്ടുകാരിതിനെ എടുത്ത് വെച്ച കല്ല് എന്ന പേരിലാണ് പറയപ്പെടുന്നത്.
തൊട്ടു സമീപത്തായി പന്നിയുടെ മുഖവുമായി സാദൃശ്യം തോന്നുന്ന കല്ലിന് പന്നിക്കല്ല് എന്നപേരിലും അറിയപെടുന്നു. വെള്ളിയാം കല്ലിൽ തൊടാതെ അൽപം മാറി ആമയുടെ പുറന്തോട് പോലെ ഒരു ഭാഗം ജലോപരിതലത്തിൽ കാണപെടുന്ന കല്ലിന് ആമക്കല്ല് എന്ന പേരിലും പറയപ്പെടുന്നുണ്ട്. കല്ലുമ്മക്കായ,സ്ലേറ്റിലെഴുതാനുപയോഗിക്കുന്ന പെൻസിലുകൾ,വർണാഭമായ പല രൂപത്തിലുമുള്ള കളർ കല്ലുകൾ,കല്ല് രൂപത്തിലുള്ള പല അച്ചുകളും വെള്ളിയാംങ്കല്ലിൽ സുലഭമാണ്. കടലിന്റെ അടി ഭാഗത്തേക്ക് ഈ ശിലാസ്തംഭത്തിൽ നിന്ന് പന്ത്രണ്ട് ആൾ താഴ്ചയുണ്ട്.
പാറയുടെ മുകളിൽ ആഴത്തിലുള്ള കിണറുകളും ഉണ്ട്. നിരവധി വിനോദ സഞ്ചാരികൾ വെള്ളിയാംകല്ല് കാണാൻ പല സ്ഥലങ്ങളിൽ നിന്ന് ബോട്ട്,വഞ്ചി മാർഗമെല്ലാം ഇവിടെയെത്തുന്നുണ്ട്. പ്രത്യാക കലാവസ്ഥയിൽ വർഷത്തിലെ ചില മാസങ്ങളിൽ മാത്രമെ ഇവിടെ സഞ്ചരിക്കാൻ പറ്റു.എം മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങൾ എന്ന പുസ്തകത്തിൽ വെള്ളിയാം കല്ലിലേക്ക് പോകുന്ന സാഹസികതയെ കുറിച്ച് കൃത്യമായി വിവരിച്ചിട്ടുണ്ട്. വില്യം ലോഗൽ മലബാർ മാന്വലിൽ ‘Sacri Fice Rock’ എന്ന് വെള്ളിയാംങ്കല്ലിനെ കുറിച്ച് പ്രത്യാകം വിശേഷിപ്പിച്ചിട്ടുണ്ട്. നാല് ഏക്കറോളം വിസ്തീർണ്ണമുള്ള ഈ പാറകൂട്ടങ്ങളിലേക്ക് കയറണമെങ്കിൽ ഇരുന്നൂറ് മീറ്ററെങ്കിലും നീന്തി മാത്രമെ കയറാൻപറ്റു.
കടലിലെ ഏറ്റവും ആഴം കൂടിയ ഭാഗവും വലിയ മത്സ്യങ്ങൾ തങ്ങി നിൽക്കുന്നതും ഇവിടെയാണ്. പാറകൾക്കിടയിൽ ഗുഹാ രൂപത്തിൽ പ്രത്യാക അറകൾ വെള്ളിയാംകല്ലിലുണ്ട്. സാഹസികമായി മത്സ്യ ബന്ധനം നടത്തി ജീവിതം കരപിടിപ്പിക്കുന്ന നിരവധി മൽസ്യ തൊഴിലാളികൾ തിക്കോടി,കോടിക്കൽ കടൽതീരത്ത് ഉണ്ട്. നിരവധി മത്സ്യ തൊഴിലാളികൾ ഇവിടെ വെച്ച് അപകടത്തിൽ പെട്ട് മരണപ്പെട്ടിട്ടുണ്ട്. പോർച്ചുഗീസ് നാവികർക്ക് ബോംബെ മുതൽ പന്തലായനി കോഴിക്കോട് വരെയുള്ള കടൽ മാർഗത്തിൽ വെള്ളിയാങ്കല്ല് വലിയ തടസ്സമായിരുന്നു .വെള്ളിയാങ്കല്ലിന്റെ തൊട്ടു സമീപത്തെ സ്ഥലമായ പന്തലായനി അറബിവ്യാപാരികളുടെയും ചൈനക്കാരുടെയും പ്രധാന കേന്ദ്രമായിരുന്നു.
പോർച്ചുഗീസുകാർ കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും വിലയേറിയ കല്ലുകളും പന്തലായനി തുറമുഖത്തേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട്പോകാൻ വെള്ളിയാംകല്ല് വഴിയാണ്. വലിയ ചരക്ക്കപ്പലുകൾ ദിവസങ്ങളോളം തങ്ങുകയും നാവികർ വിശ്രമിക്കുകയും വെള്ളിയാംങ്കല്ലിലാണ്. കൂറ്റൻ പോർച്ചുഗീസ് കപ്പലുകൾ ഇവിടെ വെച്ച് കടൽക്കയങ്ങളിലേക്ക് മുങ്ങിപോയിട്ടുണ്ട്. പോർച്ചുഗീസുകാരും അവരെ പിന്തുടർന്ന് എത്തിയ യൂറോപ്പ്,അറബ്,ചൈനീസ് കപ്പലുകൾ കൊള്ളയടിച്ചും കൂട്ടിയിടിച്ച് തരിപ്പണമായും രക്തപങ്കിലമാക്കി തിർത്തിട്ടുണ്ട് ഇവിടെ. 1766 ൽ മൈസൂർ രാജാവായ ഹൈദർ അലി മലബാർ അക്രമിച്ചതിനു ശേഷം 1786 ൽ അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താൻ വടക്കൻ കേരളം പൂർണ്ണമായും അവരുടെ നിയന്ത്രണത്തിൽ ആക്കിയപ്പോൾ തിക്കോടി കടലൂർ തിരദേശ ഗ്രാമത്തെ തന്റെ സൈനിക ഉപകേന്ദ്രമായി മാറ്റി ഇവിടെ ഒരുകോട്ട നിർമ്മിച്ചതായി ബ്രിട്ടീഷ് രേഖകളിൽ പറയുന്നു.
1792 കാലഘട്ടം മുതൽ മലബാർ ജില്ല ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് സ്റ്റേറ്റിന് കിഴിലായതോടെ കോഴിക്കോട്,കണ്ണൂർ,ബോംബെ തുറമുഖങ്ങൾക്കിടയിലുള്ള വ്യാപരാവും കപ്പൽ ഗതാഗതവും വർദ്ധിച്ച സാഹചര്യത്തിൽ നിരവധി നാവികർക്ക് ജീവൻ നഷ്ട്ടമാകുകയും കപ്പലുകൾ വെള്ളിയാങ്കല്ലിൽ കുട്ടിയിച്ച് അപകടങ്ങൾ സംഭവിക്കാൻ തുടങ്ങിയപ്പോൾ ബ്രിട്ടിഷ് സർക്കാർ ഇന്ത്യാ സർക്കാറിനെ ഗൗരവമായി ചർച്ചയ്ക്ക് വിളിക്കുകയും അപകടത്തിൽ രക്ഷനേടാൻ വഴികാട്ടിയായി വിളക്കുമാടമെന്ന (ലൈറ്റ് ഹൗസ്)എന്ന ആശയം ഉദിക്കുന്നത്.
1985 ൽ മദ്രാസ് പ്രസിഡൻസി ഫോർട്ട് ഓഫീസറായിരുന്ന ഡബ്യൂ.ജെ പോവൽ പൊതുമരാമത്ത് വകുപ്പ് മറൈൻ ഡിവിഷൻ ലൈറ്റ് ഹൗസ് വിഭാഗം എഞ്ചിനിയറായ എഫ് ഡബ്യൂ ആഷ്പ്പിറ്റിനോട് വെള്ളിയാംകല്ല് നേരിട്ട് സന്ദർശിച്ച് പഠനം നടത്താൻ ആവിശ്യപെടുകയും അത് പ്രകാരം കടലൂർ പ്രദേശത്തെ മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ എഫ് ഡബ്യൂ ആഷ്പിറ്റ് വെള്ളിയാംകല്ല് സന്ദർശിക്കുകയും അപകട സാധ്യതകളുടെയും അത് തടയാനാവിശ്യമായ പരിഹാര മാർഗങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് 1896ൽ മദ്രാസ് പ്രസിഡൻസി ഓഫീസർക്ക് കൈമാറുകയും ചെയ്തു.1906 നവംബറിൽ ഗവർമെൻറ് സിക്രട്ടറി എഫ്.ജെ വിൽസൺ പൊതുമാരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനിയറായ സ്മിത്തിനെ ലൈറ്റ് ഹൗസ് നിർമ്മാണത്തിനായി നിയമിക്കുകയും ചെയ്തു.
സ്മിത്ത് സമയം പാഴാക്കാതെ ലൈറ്റ് ഹൗസിന് അടിത്തറ പണിയുന്നതിനും മറ്റുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രദേശത്തെ മത്സ്യതൊഴിലാളികളെ വിളിച്ച് ചേർക്കുകയും ഇവരുടെ സഹായത്താൽ ലൈറ്റ് ഹൗസ് നിർമ്മാണ തൊഴിലാളികളുമായി വെള്ളിയാംകല്ല് സന്ദർശിക്കുകയും ഇവിടെ വെച്ച് നിർമ്മാണപ്രവർത്തനങ്ങൾക്ക് കൃത്യമായ രൂപം നൽകുകയുമാണ് ചെയ്തത്. അന്നത്തെ കുറുമ്പനാട് താലൂക്കിലെ വന്മുഖം അംശം കടലൂർ ദേശത്തിലേ ഓടോക്കുന്നിൽ ലൈറ്റ് ഹൗസ് നിർമ്മിക്കാൻ മദ്രാസ് ഗവർമെന്റ് ഇവിടെ വെച്ചാണ് അന്തിമ തീരുമാനമെടുത്തത്. ലൈറ്റ് ഹൗസ് നിർമ്മിക്കുന്നതിന് ആവിശ്യമായ 27.07 ഏക്കർ ഭൂമി കൈവശക്കാരായ പ്രദേശത്തെ അഞ്ച് കുടുംബങ്ങളിൽ നിന്നായി 2050 രൂപ നൽകി ഗവർമെന്റ് ഏറ്റെടുക്കുകയും ചെയ്തു.
34 മീറ്റർ ഉയരത്തിൽ വൃത്താകിതിയിൽ ഇഷ്ടികകൾ കൊണ്ട് പ്രത്യാകം ചേരുവകൾ ചേർത്തിയാണ് ലൈറ്റ് ഹൗസ് നിർമ്മിച്ചത്. ഇടവിട്ട കറുപ്പും വെളുപ്പും വരകളായി നിറമാണ് നൽകിയത്. ലൈറ്റ് ഹൗസിൽ നിന്നുള്ള പ്രകാശത്തിന്റെ ആവൃത്തി ഇരുപതാണ്.ഒരു ഫ്ളാഷ് ലൈറ്റ് അഞ്ച് സെക്കന്റിലധികം നീണ്ട് നിൽക്കും. കടലിലുള്ളവർക്ക് നാൽപ്പത് നോട്ടിക്കൽമൈൽ അകലെവരെ ഈ വെളിച്ചം കാണാൻപറ്റും. ലൈറ്റ് ഹൗസ് നിർമ്മിച്ചത് മുതൽ ഇന്ന് വരെ കടലിലൊ വെള്ളിയാംകല്ലിലോ ഒരു അപകടവും സംഭവിച്ചിട്ടില്ല.
മത്സ്യ തൊഴിലാളികൾക്ക് രാത്രി കാലങ്ങളിൽ ഒരു പ്രയാസവും കൂടാതെ മത്സ്യ ബന്ധനം നടത്താം. ലൈറ്റ് ഹൗസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് വെള്ളിയാംകല്ലിൽ അവസാനാമായി വലിയൊരു അപകടം ഉണ്ടായത്.1909 ജനുവരി 30 ബേപ്പൂരിൽ നിന്ന് നിറയെ മരങ്ങളും മറ്റ് സാധനങ്ങളുമായി കണ്ണൂർ തുറമുഖത്തേക്ക് പോവുകയായിരുന്ന ഗണേഷ് പ്രസാദ് എന്ന ചരക്കു കപ്പൽ വെള്ളിയാങ്കല്ലിൽ തട്ടിതകർന്ന് കടലിൽ മുങ്ങി. നാവികരടക്കമുള്ളവരെ പ്രദേശത്തെ മത്സ്യ തൊഴിലാളികളാണ് രക്ഷിച്ചത്. ഈ ഒക്ടോബറിൽ നൂറ്റിപതിനാലാം വാർഷികം ആഘോഷിക്കുകയാണ് ലൈറ്റ് ഹൗസ്
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf1 day agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

