GULF

’24 മണിക്കൂറിനകം രാജ്യം വിടണം’; ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സഊദി

By Akhila

March 22, 2026

അഷ്റഫ് വേങ്ങാട്ട്

റിയാദ് : ഇറാന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സഊദി. 24 മണിക്കൂറിനകം രാജ്യം വിട്ടുപോകാനാണ് അഞ്ച് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് സഊദി വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു . രാജ്യത്ത് തുടരാന്‍ അര്‍ഹതയില്ലാത്തവര്‍ എന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ഇറാനിയന്‍ എംബസിയിലെ മിലിട്ടറി അറ്റാഷെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ്, മിഷന്‍ സ്റ്റാഫിലെ മറ്റ് മൂന്ന് പേര്‍ എന്നിവരോടാണ് ഇന്ന് രാത്രിക്കകം രാജ്യം വിടാനുള്ള അന്ത്യശാസനം നല്‍കിയിട്ടുള്ളത് . സഊദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയിലെ സുരക്ഷാ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ അടിയന്തര നടപടി. അന്താരാഷ്ട്ര നിയമങ്ങളും അയല്‍രാജ്യങ്ങള്‍ പാലിക്കേണ്ട മര്യാദകളും ഇറാന്‍ പരസ്യമായി ലംഘിച്ചതായി സഊദി വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടങ്ങിയ ശേഷം സഊദിക്ക് നേരെ ഇറാന്‍ നിരന്തരമായി ആക്രമണം നടത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം . പരമാവധി ക്ഷമിച്ച സഊദി ഭരണകൂടം രാജ്യത്തെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ക്കും ജനവാസ മേഖലയെ ലക്ഷ്യമാക്കിയും തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ അസഹനീയമായാണ് ഈ കടുത്ത നടപടിയിലേക്ക് കടന്നത്. വിശുദ്ധ റമസാന്‍ മാസത്തിലായിരുന്നു തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ നടത്തിയത്. ഈദിന് ശേഷവും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി ആക്രമണ ശ്രമങ്ങളാണ് സഊദി പ്രതിരോധ സേന തകര്‍ത്തത്.

സഊദിയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ വിള്ളലാണിത്. 2023-ല്‍ ചൈനയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച കരാറിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയും നയതന്ത്ര കാര്യാലയം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. പുതിയ സൈനിക പ്രകോപനങ്ങള്‍ ആ സമാധാനാന്തരീക്ഷത്തെ ഘട്ടത്തില്‍ രാജ്യത്തെ വെല്ലുവിളിച്ചു തുടരുന്ന ആക്രമണങ്ങളെ നോക്കിനില്‍ക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയുമാണ് ഈ നടപടിയിലൂടെ സഊദി.