മൂന്ന് പതിറ്റാണ്ടിനു ശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന വാര്‍ത്ത സിനിമാ ആസ്വാദകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ‘പദയാത്ര’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പൂജയും ഇന്ന് നടന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണ് പദയാത്ര. ഇന്ദ്രന്‍സ്, ഗ്രേസ് ആന്റണി, ശ്രീഷ്മ ചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും അടൂര്‍ ഗോപാലകൃഷ്ണനും കെ വി മോഹന്‍കുമാറും ചേര്‍ന്നാണ്. ഷെഹനാദ് ജലാല്‍ ആണ് ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. മുജീബ് മജീദ് ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്. 1993 ല്‍ പുറത്തിറങ്ങിയ ‘വിധേയന്‍’ ആയിരുന്നു മമ്മൂട്ടി- അടൂര്‍ കൂട്ടുകെട്ടില്‍ പുറത്തറിങ്ങിയ അവസാന ചിത്രം.
മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പദയാത്ര. അനന്തരം (1987), മതിലുകള്‍ (1990), വിധേയന്‍ (1993) എന്നിവയാണ് ഇതിനോടകം ചെയ്ത മൂന്ന് ചിത്രങ്ങള്‍. 1994 ല്‍ പുറത്തിറങ്ങിയ ‘വിധേയന്’ ശേഷം 31 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മമ്മൂട്ടിയും അടൂര്‍ ഗോപാലകൃഷ്ണനും ഒരുമിച്ച് സിനിമ ചെയ്യുന്നത്. വിധേയനിലെ ‘ഭാസ്‌കര പട്ടേലരി’ന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. തകഴി ശിവശങ്കരപ്പിള്ളയുടെ ‘രണ്ടിടങ്ങഴി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പദയാത്ര ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടനാടന്‍ പശ്ചാത്തലത്തിലുള്ള തകഴിയുടെ നോവലാണ് ‘രണ്ടിടങ്ങഴി’.